തിരുവനന്തപുരം > പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച് സാക്ഷരത മിഷൻ ഹയർ സെക്കൻഡറി പരീക്ഷ ജയിച്ച തൃശ്ശൂർ മുല്ലശ്ശേരി അന്നകര വടുക്കൂട്ട് വീട്ടിൽ ലില്ലി ആന്റണി (68) ക്കും മകൻ മനോജി (39)നും വിദ്യാഭ്യാസമന്ത്രിയുടെ അഭിനന്ദനം. ഇരുവരും നിരവധി പേർക്ക് പ്രചോദനമാണെന്ന് ഇവരെ അഭിനന്ദിച്ചുകൊണ്ട് അയച്ച കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
ലില്ലി സാക്ഷരത മിഷൻ ഹയർ സെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയും മകൻ മനോജ് ഒന്നാം വർഷ തുല്യതാ പരീക്ഷയുമാണ് പാസായത്. മുല്ലശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാക്ഷരതാ തുല്യതാ പഠന കേന്ദ്രത്തിലെ പഠിതാക്കളാണ് ഇരുവരും.
ശാരീരിക അവശതകൾ മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തിയതാണ് മനോജ്. അമ്മ ലില്ലിയുടെ പ്രോത്സാഹനത്തെ തുടർന്ന് സാക്ഷരതാ മിഷൻ തുല്യതാ പഠനത്തിലൂടെ തന്നെ ഏഴാം തരവും പത്താം തരവും വിജയിച്ചു. മകൻ പ്ലസ് വണ്ണിന് ചേർന്നതോടെ 1972-ൽ ഉയർന്ന മാർക്കോടെ എസ്എസ്എൽസി പാസായ ലില്ലിയും തുടർപഠനത്തിന് തയ്യാറാകുകയായിരുന്നു. തുടർപഠനത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്ന ലില്ലി ആന്റണി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.