കോഴിക്കോട് > റോഡ് നിർമാണ പ്രവൃത്തിയിൽ നിരന്തരമായി അലംഭാവം കാട്ടുന്ന കരാറുകാർക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ദേശീയ പാത 766ൽ നടക്കുന്ന പ്രവൃത്തിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കരാറെടുത്ത നാഥ് ഇൻഫ്രാസ്ട്രെക്ചറിൽനിന്ന് പിഴ (ലിക്വിഡേറ്റഡ് ഡാമേജ്) ഈടാക്കാൻ പിഡബ്ല്യുഡി എക്സി. എൻജിനിയർ നിർദേശിച്ചു.
ദേശീയപാതയിൽ പുല്ലാഞ്ഞിമേട് ഭാഗത്തെ വളവിലുള്ള നവീകരണ പ്രവൃത്തി മന്ദഗതിയിലാണെന്ന പരാതിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് സെപ്തംബർ 17ന് സ്ഥലം സന്ദർശിച്ചിരുന്നു. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശിച്ചു. 24 മീറ്റർ നീളമുള്ള കൾവർട്ടിന്റെ ഒരു ഭാഗത്തെ പ്രവൃത്തി ഒക്ടോബർ 15നകം തീർക്കാമെന്ന് കരാർ കമ്പനി മന്ത്രിക്ക് ഉറപ്പും നൽകി. കൂടാതെ താമരശേരി മുതൽ ചുരംവരെയുള്ള കുഴികൾ അടക്കാമെന്നും സമ്മതിച്ചു.
എന്നാൽ പ്രവൃത്തി പൂർത്തിയാക്കാൻ കമ്പനി തയ്യാറായില്ല. പ്രവൃത്തി വിലയിരുത്താൻ നിശ്ചയിച്ച ഉദ്യോഗസ്ഥൻ കരാറുകാർക്ക് രേഖാമൂലം നിർദേശം നൽകിയിട്ടും പാലിച്ചില്ല. തുടർന്നാണ് നടപടി. നിശ്ചയിച്ച സമയത്ത് പ്രവൃത്തി പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അകാരണമായി പ്രവൃത്തി നീളുന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ഓഫീസ് ശേഖരിക്കുന്നുണ്ട്.