കോഴിക്കോട്: റോഡ് നിർമ്മാണത്തിൽ അലംഭാവം കാണിച്ച കരാറുകാർക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ ശക്തമായ നടപടി. കോഴിക്കോട് ജില്ലയിലെ കരാറുകാരനിൽ നിന്ന് പിഴ ഈടാക്കാനാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ശുപാർശ ചയ്തത്. ദേശീയ പാത 766ൽ നടക്കുന്ന പ്രവർത്തിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് നടപടി.
കരാർ രംഗത്തെ ശക്തരായ നാഥ് ഇൻഫാസ്ട്രക്ചർ കമ്പനിയിൽ നിന്നും പിഴ ഈടാക്കാനാണ് ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ നിർദേശം നൽകി.
ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവർത്തിയിലാണ് കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസ് അലംഭാവം വരുത്തിയത്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് സെപ്തംബർ മാസത്തിൽ ഈ സ്ഥലം സന്ദർശിച്ചിരുന്നു. പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കാനുള്ളനിർദ്ദേശവും മന്ത്രി നൽകിയിരുന്നു.
ഒരു ഭാഗത്ത പ്രവർത്തി ഒക്ടോബർ 15 നകം തീർക്കണം എന്നായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ കരാറുകാരൻ മന്ത്രിയുടെ നിർദേശത്തിന് കാര്യമായ വില നൽകിയില്ല. തുടർന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞിരിക്കുന്നത്. സമയബന്ധിതമായി പ്രവർത്തി പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
നിയമസഭയിലും കരാറുകാരെ കൂട്ടിവരുന്ന എം.എൽ.എമാരെയും മന്ത്രി വിമർശിച്ചിരുന്നു. അഴിമതി കരാർ രംഗത്ത് വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും മന്ത്രി നൽകിയിരുന്നു. ഇത് സംബന്ധിച്ച് നിയമസഭയിൽ മന്ത്രി നടത്തിയ പ്രസംഗത്തിന് ശേഷമുള്ള ആദ്യത്തെ നടപടിയാണ് ഇത്.
Content Highlights: Minister PA Muhammed Riyas, Nath constructions