പിഎ നിയമന വിവാദത്തേ പറ്റി സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല ആരോപണങ്ങൾ എണ്ണിയെണ്ണി നിഷേധിക്കുകയാണ്. സർക്കാരിന്റെ ജനകീയമുഖമായി സാക്ഷരതാ മിഷനെ മാറ്റിയതിലുള്ള അസ്വസ്ഥതകളാകാം ആരോപണങ്ങൾക്ക് പിന്നിലെന്നാണ് ശ്രീകല പറയുന്നത്. ഒരു സ്ത്രീ അധികാര സ്ഥാനത്തേക്കെത്തി എന്ന ഘടകവും ആരോപണങ്ങൾക്ക് പിന്നിലുണ്ടാകാം. സ്ത്രീകളും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരും ഏതൊക്കെ അധികാര സ്ഥാനത്ത് എത്തിയാലും അവിടെയെല്ലാം ഇത്തരം പ്രശ്നങ്ങൾ കാണാൻ സാധിക്കും. ചിലത് ഇതുപോലെ പുറത്തുവന്നിട്ടുമുണ്ടാകാം. മറ്റുചിലതൊക്കെ ആഭ്യന്തര പ്രശ്നങ്ങളുമാകാം. ഇപ്പോൾ വരുന്ന ആരോപണങ്ങളിൽ അത്തരമൊരു ഘടകമുണ്ടെന്ന് കരുതുന്നതായും അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.
പിഎ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തുടരുകയാണല്ലോ, ഈ സാഹചര്യത്തിൽ ഡയറക്ടർ എന്ന നിലയിൽ എന്താണ് പി.എസ് ശ്രീകലയ്ക്ക് വ്യക്തമാക്കാനുള്ളത്?
ഞാൻ സാക്ഷരതാ മിഷനിൽ ജോയിൻ ചെയ്യുന്നതിന് മുമ്പു മുതൽ അവിടെ പി.എയുടെ ചുമതല നിർവഹിക്കുന്ന ആൾ ഉണ്ട്. പിഎ എന്നാൽ അവിടെ ജോലി ചെയ്യുന്ന ഒരാൾക്ക് അതിന്റെ ചുമതല നൽകിയിട്ടുണ്ടായിരുന്നു. എല്ലാ കാലത്തും അങ്ങനെ ഒരാൾക്ക് പിഎയുടെ ചുമതല നൽകിയിരുന്നുവെന്നാണ് പിന്നീട് ഫയലുകളിൽ നിന്ന് ഞാൻ മനസിലാക്കുന്നത്. ഇങ്ങനെ പിഎയുടെ ചുമതല അധികമായി നിർവഹിച്ചിരുന്നവർക്ക് മാസം 1000 രൂപ അലവൻസ് നൽകിയിരുന്നതായും ഫയലുകളിലുണ്ട്.
ഇതൊന്നും ഡയറക്ടർമാർ മാത്രം തീരുമാനിച്ചു ചെയ്തിരുന്നതല്ല, എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ച് ചെയ്യുന്നതാണ്. ഞാൻ ഡയറക്ടറായി ചുമതലയേറ്റെടുത്തിന് ശേഷം എനിക്ക് വിശ്വാസമുണ്ടെന്ന് തോന്നിയ ഒരാളെ പിഎയുടെ ചുമതല കൂടി ഏൽപ്പിച്ചു. അതിന് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന സമയത്ത് ഇയാൾക്ക് പിഎയുടെ ചുമതല നൽകിയിട്ടുള്ള കാര്യവും അലവൻസ് നൽകുന്നത് വർധിപ്പിക്കുന്നതും കമ്മിറ്റിയിൽ അവതരിപ്പിച്ചു. 2006ലാണ് അലവൻസ് നൽകാനുള്ള തീരുമാനം സാക്ഷരതാ മിഷനിൽ ഉണ്ടായത്. അതിന് ശേഷം ഇത്രയും കാലത്തിന് ശേഷമാണ് അത് വർധിപ്പിക്കാൻ നിർദ്ദേശം മുന്നോട്ടുവെച്ചത്.
ധനകാര്യ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രതിനിധികളായുണ്ട്. ഒരുപാട് കാലം അലവൻസ് നൽകി മുന്നോട്ടുപോകാൻ സാധിക്കില്ലെന്നാണ് അവർ കമ്മിറ്റിയിൽ പറഞ്ഞത്. അതിനാൽ നിയമിച്ച് മൂന്നുമാസം ആയതിനാൽ അത്രയും നാളത്തെ അലവൻസ് നൽകാമെന്നും ഡയറക്ടർക്ക് പിഎ യെ ആവശ്യമുണ്ടെങ്കിൽ സർക്കാരിലേക്ക് എഴുതാനും കമ്മിറ്റി നിർദ്ദേശിച്ചു.
ഇത്തരം സ്ഥാപനങ്ങളിൽ ഡയറക്ടറുടെ പിഎ എന്നത് ഗസറ്റഡ് ഓഫീസർ പോസ്റ്റാണ്. അങ്ങനെയൊരു തസ്കിത ഉണ്ടാക്കണം. അതിലേക്ക് ആളിനെ എടുക്കുന്നത് വരെ ഡെപ്യൂട്ടേഷനിൽ ഒരാളെ വെക്കാം. അല്ലെങ്കിൽ സ്ഥിരമായി ആളിനെ നിയമിക്കാം. പക്ഷെ സാക്ഷരതാ മിഷനിൽ സ്ഥിരം തസ്തികകളൊന്നും തന്നെ ഇല്ല. പിഎ എന്നുപറയുന്ന തസ്തികയുമില്ല.
അതുകൊണ്ട് നിലവിലെ ആളിന് തന്നെ പിഎയുടെ ചുമതലമാത്രം നൽകി അലവൻസ് കൊടുക്കാൻ സാധിക്കുമോയെന്ന് സർക്കാരിലേക്ക് എഴുതി ചോദിച്ചു. അതിന് മറുപടിയായി അലവൻസ് തുടരാൻ നിർവാഹമില്ലെന്ന മറുപടി കത്ത് ലഭിച്ചു. ഇതാണ് ഉത്തരവെന്ന് പറഞ്ഞ് പ്രചരിച്ചത്. പിഎ തസ്തിക വേണമെങ്കിൽ സർക്കാരിലേക്ക് എഴുതാനും നിർദ്ദേശിച്ചിരുന്നു. സാമ്പത്തിക ബാധ്യത അധികമാകുമെന്നതിനാൽ അങ്ങനെ ചെയ്യേണ്ടതില്ല എന്നാണ് ഞാൻ തീരുമാനിച്ചത്.
ഇപ്പോൾ സാക്ഷരതാ മിഷനെപറ്റി ഇത്രയധികം വാർത്തകൾ വരുന്നതെന്തുകൊണ്ടാണ്?
അതുതന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. ഇതിനുമുമ്പ് എന്തുകൊണ്ടിങ്ങനെ ഉണ്ടായിട്ടില്ല. പോസിറ്റീവായ കാര്യങ്ങൾ ഒരുപാടുണ്ടായതിൽ അസൂയ ഉള്ളവരാകാം ഇതിനൊക്കെ പിന്നിലുള്ളത്. സർക്കാരിന് എന്നെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടായിരുന്നുവെങ്കിൽ എന്നെ എന്നേ മാറ്റിയേനെ. ഇത്രയും കാര്യങ്ങൾ ചെയ്യുന്ന ഒരാളെ അപമാനം സഹിച്ച് സർക്കാർ വെച്ചുകൊണ്ടിരിക്കുമോ. ഇത്തരം വാർത്തകളൊക്കെ വരുമ്പോൾ ഉള്ളാൽ സന്തോഷിക്കുന്നവരുണ്ടാകും. അവർ സന്തോഷിച്ചോട്ടെയെന്ന് ഞാനും വിചാരിക്കുന്നു.
ഈ വിവാദമുണ്ടായ ജീവനക്കാരന്റെ സാക്ഷരതാ മിഷനിലെ ജോലി എന്താണ്?
പി. എ യുടെ ചുമതല അധികമായി ചെയ്തിരുന്നത് ഓഫീസ് അസിസ്റ്റന്റ് ആണ്. അറ്റൻഡർ അല്ല. അറ്റൻഡർ എന്നൊക്കെയാണ് വാർത്തകളിൽ കണ്ടത്. ഓഫീസ് അറ്റൻഡർ പ്യൂൺ ആണ്. ഓഫീസ് അസിസ്റ്റന്റാണ് ക്ലറിക്കൽ ജോലി ചെയ്യുന്നത്. ഓഫീസ് അസ്റ്റന്റ് എന്ന തസ്തികയിലാണ് ഇയാളുടെ കരാർ പുതുക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ജോലികൾ അയാൾക്കുണ്ട്. ഇതിന്റെ കൂടെ അധിക ചുമതലയായിട്ടാണ് പിഎയുടെ ചുമതല കൂടി നൽകിയത്. അതിന് ഇപ്പോൾ അലവൻസോ പണമോ ഒന്നും നൽകുന്നുമില്ല.
അധിക സമയം ജോലി ചെയ്യുന്ന ആൾക്ക് മണിക്കൂറിന് 250 രൂപ നിരക്കിൽ അധികം തുക അനുവദിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം നേരത്തെയുള്ളതാണ്. അങ്ങനെ തുക അനുവദിക്കാൻ ഡയറക്ടറിന് വിവേചനാധികാരം ഉണ്ട്. അങ്ങനെ പലരും ആ തുക എഴുതി വാങ്ങാറുമുണ്ട്.
ഞാൻ ഓഫീസിലുള്ളപ്പോൾ എന്നെ സഹായിക്കുന്ന ജോലി ചെയ്തതിന് ശേഷമാണ് അയാൾക്ക് ക്ലെറിക്കൽ ജോലി ചെയ്യാൻ സാധിക്കു. രാത്രി എട്ടുമണിക്കും ഒമ്പതുമണിക്കുമൊക്കെയാണ് ജോലി പൂർത്തിയാക്കി അയാൾ പോകുന്നത്. അങ്ങനെ അധിക സമയം ജോലിചെയ്യുന്നതിന് അവകാശപ്പെട്ട തുകപോലും എഴുതിയെടുക്കാൻ അയാൾ തയ്യാറായിട്ടില്ല.
പിഎയുടെ തസ്തിക ഇല്ലായെന്ന് വ്യക്തമാക്കുമ്പോഴും സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വരുമ്പോൾ അതിൽ പിഎ ടു ഡയറക്ടർ എന്ന് പരാമർശിച്ചു കാണാറുണ്ട്?
പിഎ ടു ഡയറക്ടർ എന്ന ചുമതല കൊടുത്തിരിക്കുന്നത് കൊണ്ട് അയാൾക്ക് അതിന്റേതായ ഒരു ഫയൽ ഉണ്ട്. അതിൽ ഈ ഉത്തരവുകളും തീരുമാനങ്ങളും സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം മാത്രമാണത്. അല്ലാതെ ഓഫീസ് അസിസ്റ്റന്റ് എന്ന് പറഞ്ഞ് ചെയ്യാൻ സാധിക്കില്ലല്ലോ. ഓഫീസ് അസിസ്റ്റന്റിന്റെ ചുമതല അല്ലല്ലോ അതൊന്നും. പക്ഷെ പിഎ യുടെ അധിക ചുമതല നിർവഹിക്കുന്നതുകൊണ്ട് ആ ഫയൽ കൈകാര്യം ചെയ്യുന്നത് ഈ ഓഫീസ് അസിസ്റ്റന്റാണ്. സാക്ഷരതാ മിഷനിൽ സ്ഥിരമായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല എന്നതാണ് വാസ്തവം. എല്ലാം കരാർ നിയമനങ്ങൾ മാത്രമാണ്.
റോജി എം ജോൺ നിയമസഭയിൽ ഈ വിഷയം ഉന്നയിക്കാനുള്ള സാഹചര്യമെന്തായിരുന്നു?
നിങ്ങൾ കൊടുത്തതുപോലെയുള്ള വാർത്തകൾ നിരന്തരം വന്നതുകൊണ്ടായിരിക്കാം. ഒരു പത്രം എഴുതിയത് ബന്ധുവിനെ നിയമിച്ചുവെന്നാണ്. സത്യത്തിൽ ഈ പി എയുടെ അധിക ചുമതലയുള്ള ഓഫീസ് അസിസ്റ്റന്റിനെ ഞാൻ കാണുന്നത് ഇവിടെ ചുമതലയേറ്റെടുത്തതിന് ശേഷമാണ്. ഇത്തരത്തിൽ സാക്ഷരതാ മിഷനെതിരെ ധാരാളം വാർത്തകൾ വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയിൽ ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടത്. അങ്ങനെ ചോദ്യം വന്നപ്പോൾ സത്യത്തിൽ എനിക്ക് സന്തോഷമാണ് തോന്നിയത്. കാരണം ഈ വിഷയത്തിൽ യാഥാർഥ്യം നമുക്ക് വ്യക്തമാക്കാൻ അവസരം ലഭിക്കുകയാണല്ലോ. നിയമസഭയിൽ കള്ളം പറയാൻ സാധിക്കില്ല.
സാക്ഷരതാ മിഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഘടന എങ്ങനെയാണ്? ആരൊക്കെയാണ് അതിൽ ഉൾപെട്ടിട്ടുള്ളത്?
13 പേരടങ്ങുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. അതിന്റെ ചെയർമാൻ വിദ്യാഭ്യാസ മന്ത്രിയാണ്. വൈസ് ചെയർമാൻ എന്നുപറയുന്നത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ്. അതിന്റെ സെക്രട്ടറിയാണ് സാക്ഷരതാ മിഷൻ ഡയറക്ടർ. കമ്മിറ്റി അംഗങ്ങളായി തദ്ദേശ സ്വയംഭരണ വകുപ്പിലെയും ധനകാര്യ വകുപ്പിലെയും സെക്രട്ടറിമാർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഡയറക്ടർ, നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങൾ എന്നിവരാണ് ബാക്കിയുള്ളവർ.
പിഎ നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന ജീവനക്കാരൻ സാക്ഷരതാ മിഷനിൽ എന്നുമുതലാണ് ജോലി ചെയ്തു തുടങ്ങിയത്? ഇയാൾക്ക് ആവശ്യമായ യോഗ്യത ഉണ്ടായിരുന്നില്ല എന്നുള്ള ആക്ഷേപവും ഉയർന്നു കേട്ടിരുന്നു? ഇയാൾക്ക് കംപ്യൂട്ടർ പോലും ഉപയോഗിക്കാനറിയില്ല എന്നൊക്കെയാണ് അരോപണമുയർന്നത്?
2008 മുതലാണ് ഇയാൾ സാക്ഷരതാ മിഷനിൽ എത്തിയത്. കഴിഞ്ഞ 13 വർഷമായി ഇയാൾ കരാർ പുതുക്കി തുടരുന്നു. 2008ൽ ഓഫീസ് അസിസ്റ്റന്റുമാരെ നിയമിച്ച സമയത്ത് അന്ന് നിഷ്കർഷിച്ചിരുന്നത് ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമായിരുന്നു. അന്ന് അതറിയുന്ന ആളിനെ തന്നെയാണ് എടുത്തിരുന്നത്. അങ്ങനെ 2008ൽ എടുത്തിട്ടുള്ള ഒരാളിന്റെ യോഗ്യത ഞാൻ പരിശോധിച്ച് നോക്കേണ്ടതില്ലല്ലോ. യോഗ്യതയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അന്ന് നിയമിച്ച ആളുകളാണ് അതിന് ഉത്തരവാദികൾ. പക്ഷെ അയാൾക്കൊരു കംപ്യൂട്ടറുമുണ്ട്. അതുപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുമുണ്ട്.
ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങളെ എങ്ങനെയാണ് കാണുന്നത്? വ്യക്തിപരമായ ആക്രമണമായാണോ അതോ സർക്കാരിനെതിരായ നീക്കമായാണോ?
സമ്പൂർണ സാക്ഷരത യജ്ഞം കേരളത്തിൽ നടന്നതിന് ശേഷം ഏറ്റവും കൂടുതൽ ജനകീയമായ കാര്യങ്ങൾ സാക്ഷരതാ മിഷനിൽ നടന്നത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെയാണ്. എന്റെയൊരു മിടുക്ക് ആയല്ല ഞാനത് പറയുന്നത്. ജനങ്ങൾക്ക് വേണ്ടി അത്രയധികം ഈ സ്ഥാപനത്തെ ഉപയോഗിക്കാനാകുമെന്ന ബോധ്യം സർക്കാരിനും വിശേഷിച്ച് മുഖ്യമന്ത്രിക്കുമുണ്ടായിരുന്നു. നിരക്ഷരത പൂർണമായും ഇല്ലാതാക്കണം എന്നതുപോലെ സാമൂഹ്യ സാക്ഷരത നടപ്പിലാക്കുക എന്നതും മിഷന്റെ ലക്ഷ്യമായിരുന്നു. ആരോഗ്യ സാക്ഷരത, ജലസാക്ഷരത, ലിംഗസമത്വ ബോധനം അങ്ങനെ കുറേയേറെ കാര്യങ്ങൾ നമ്മൾ നടപ്പിലാക്കി.
എല്ലാ ജില്ലകളിലെയും പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിച്ചു ചേർത്ത് പദ്ധതികൾ നടപ്പിലാക്കാനുള്ള ചർച്ചകൾ നടത്തി. തീരദേശ മേഖലകളിലും ആദിവാസി ഊരുകളിലും, എസ്-എസ്ടി കോളനികളിലും ആദ്യമായി തുടർ വിദ്യാഭ്യാസ പദ്ധതി തുടങ്ങിയത് കേരളത്തിലാണ്. ആദിവാസി ഊരുകളിൽ ഏറ്റവും കൂടുതൽ സാക്ഷരത കൈവരിക്കപ്പെട്ടത് കഴിഞ്ഞ അഞ്ചുവർഷമാണ്. കണക്കുകളുണ്ട് ഇതിനൊക്കെ, ഞാൻ വെറുതെ പറയുന്നതല്ല.
ഇങ്ങനെ സർക്കാരിന്റെ കൂടെ ഒരു ജനകീയ മുഖമായി സാക്ഷരതാ മിഷൻ മാറുന്ന ഒരു സാഹചര്യമുണ്ടായി. ഇത്രമാത്രം അംഗീകാരം ലഭിച്ചതിലുണ്ടായ അസ്വസ്ഥതയായാണ് ഞാൻ ഇതിനെ കാണുന്നത്. മാത്രമല്ല ഇത് വ്യക്തിപരമായ ആക്രമണം കൂടിയാണ്. ഞാനൊരു കോളേജ് അധ്യാപികയായി തുടരുകയായിരുന്നുവെങ്കിൽ ഇങ്ങനെ ആക്ഷേപങ്ങൾ കേൾക്കേണ്ടി വരില്ലായിരുന്നു. സർക്കാരിന്റെ ഭാഗമായി നിന്ന് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതുകൊണ്ടാണ് ഇത്തരം അധിക്ഷേപങ്ങളുണ്ടാകുന്നത്. സാക്ഷരതാ മിഷനെതിരെ ചിന്തിക്കുക എന്ന് പറഞ്ഞാൽ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകൾക്കെതിരെ ചിന്തിക്കുക എന്നാണർഥം. അത്രയ്ക്കും പാവങ്ങൾക്കിടയിലേക്കാണ് നമ്മൾ പോകുന്നത്.
മത്സ്യവിൽപ്പനയ്ക്ക് പോകുന്ന സ്ത്രീകൾ തങ്ങളുടെ ജോലിക്ക് ശേഷം വന്ന് രാത്രി 10 മണിവരെ സാക്ഷരതാ മിഷന്റെ ക്ലാസുകളിൽ പങ്കെടുക്കുന്നു. അത്തരമൊരു സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല. ഇതൊക്കെ ആയിരിക്കാം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിന്റെ കാരണമെന്ന് കരുതുന്നു. ഇതിന് പിന്നിലും രാഷ്ട്രീയമുണ്ടെങ്കിൽ അത് പാവങ്ങൾക്കെതിരായ രാഷ്ട്രീയവുമാണ്.
സ്ത്രീയെന്ന നിലയിൽ നേരിടുന്ന പ്രശ്നമായി ഇതിനെ കാണുന്നുണ്ടോ?
സ്ത്രീകളും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരും ഏതൊക്കെ അധികാര സ്ഥാനത്ത് എത്തിയാലും അവിടെയെല്ലാം ഇത്തരം പ്രശ്നങ്ങൾ കാണാൻ സാധിക്കും. ചിലത് ഇതുപോലെ പുറത്തുവന്നിട്ടുണ്ടാകാം. മറ്റുചിലതൊക്കെ ആഭ്യന്തര പ്രശ്നങ്ങളാകാം. ഇപ്പോഴത്തെ ആരോപണങ്ങളിൽ അത്തരമൊരു ഘടകമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
ധാരാളം ഫണ്ട് ലഭിക്കുന്ന കടലാസിൽ മാത്രമുള്ള എത്രയോ സ്ഥാപനങ്ങളുണ്ട്. അവരെന്ത് ചെയ്യുന്നുവെന്ന് ആരുമെന്താ അന്വേഷിക്കാത്തത്. 2016ന് മുമ്പുള്ള എജി ഓഡിറ്റിങ്ങിലെ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകാൻ സാക്ഷരതാ മിഷന് സാധിച്ചിരുന്നില്ല. എന്നാൽ ഞാൻ ചുമതല ഏറ്റെടുത്തതിന് ശേഷം 2016 മുതൽ 2020 വരെയുള്ള നാല് സാമ്പത്തിക വർഷത്തേയും എജി ഓഡിറ്റിങ്ങിൽ ഒരു സാമ്പത്തിക ആരോപണം പോലും ഉണ്ടായിട്ടില്ല.
ഡയറക്ടറിന് ഉപയോഗിക്കാനുള്ള കാർ കാലപ്പഴക്കം മൂലം ചോരുന്ന സാഹചര്യമുണ്ടായപ്പോൾ പുതിയത് വാങ്ങുന്നതിന് പകരം അത് അറ്റകുറ്റപ്പണി ചെയ്താൽ മതിയെന്നായിരുന്നു എന്റെ തീരുമാനം. ഇതിനായി പത്രപ്പരസ്യം കൊടുത്തപ്പോഴാണ് എനിക്കെതിരെ ആദ്യത്തെ ആരോപണമുയർന്നത്. പുതിയ വാഹനം വാങ്ങാൻ എക്സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിച്ചതാണ്. ഇതൊക്കെ മിനിട്ട്സിലുണ്ട്. എന്നാൽ പുതിയ വാഹനം വേണ്ട ഉള്ളത് അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നായിരുന്നു എന്റെ തീരുമാനം. അപ്പോൾ ഉയർന്ന് വന്നത് കേരളം പ്രളയക്കെടുതി അനുഭവിക്കുമ്പോൾ 10 ലക്ഷത്തിന് കാർ വാങ്ങാൻ പോകുന്നുവെന്നായിരുന്നു. ഇതൊക്കെ ഓഡിറ്റിങ്ങിന് വിധേയമായിരുന്നതാണ്.
Content Highlights: Controversies are baseless and arised due to intolerence on success of literacy mission