കൃഷ്‍ണന്‍ വെണ്ണ കട്ടെടുക്കാതിരിക്കാന്‍ അമ്മ ഉപയോഗിച്ചിരുന്ന പ്രത്യേക പൂട്ടുള്ള പാത്രം, യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിക്കാശ്, മോശയുടെ അംശവടി, ഡാവിഞ്ചിയുടെ പെയിന്‍റിങ്… സാമ്പത്തികത്തട്ടിപ്പിന് പിടിക്കപ്പെടുന്നത് വരെ മോൻസൺ മാവുങ്കല്‍ എന്ന മലയാളി, കേരളത്തിലെ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമ താരങ്ങളും വരെ കണ്ണടച്ചു വിശ്വസിച്ചിരുന്ന പുരാവസ്‍തു സൂക്ഷിപ്പുകാരനായിരുന്നു.
വ്യാജ പുരാവസ്‍തുക്കള്‍ വിൽപ്പന നടത്തിയെന്നതിനും 10 കോടി രൂപയോളം തട്ടിപ്പുനടത്തിയതിനും മോൻസൺ നിലവില്‍ അന്വേഷണം നേരിടുകയാണ്.
പുരാവസ്തുക്കളെ കുറിച്ച് അറിവില്ലാത്തതാണ് പലരും മോൻസന്‍റെ ചതിയില്‍ വീഴാന്‍ കാരണം. കേരളം മുഴുവന്‍ മോൻസന്‍റെ തട്ടിപ്പ് ചര്‍ച്ചയായതോടെ പുരാവസ്‍തുക്കളെക്കുറിച്ച് മലയാളികള്‍ ചോദിച്ചു തുടങ്ങി.
എന്താണ് പുരാവസ്തു?
നിങ്ങളുടെ വീട്ടിലെ പഴക്കമുള്ള വസ്‍തുക്കള്‍ പുരാവസ്തുക്കളാകുമോ?,
ഒരിക്കലുമില്ലെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പിലെ എജ്യുക്കേഷന്‍ ഓഫീസറും തൃപ്പൂണിത്തുറ ഹില്‍ പാലസ് മ്യൂസിയത്തിന്‍റെ ചുമതലക്കാരനുമായ കെ.വി ശ്രീനാഥ് പറയുന്നത്.
“ഒരു വസ്തുവിനെ പുരാവസ്തുക്കളുടെ ഗണത്തില്‍ പെടുത്തണമെങ്കില്‍ അതിന് ചില നിബന്ധനകളുണ്ട്. അതിലൊന്നാണ് കുറഞ്ഞത് 100 വര്‍ഷം പഴക്കമുണ്ടായിരിക്കണം എന്നുള്ളത്. എന്നാല്‍, അതു കൊണ്ട് മാത്രം ആയില്ല, വസ്തുവിന്‍റെ പ്രത്യേകത, ചരിത്രപരമായ പ്രാധാന്യം, സൗന്ദര്യപരമായ യോഗ്യത ഇതെല്ലാം കണക്കിലെടുത്താണ് പുരാവസ്തുക്കളെ നിര്‍ണയിക്കുന്നത്. ഈ സവിശേഷതകള്‍ എല്ലാമുള്ള ഒരു വസ്തു നമ്മുടെ വീടുകളില്‍ ഉണ്ടെങ്കില്‍ ആന്‍റിക്വിറ്റിസ് ആര്‍ട്ട് ട്രഷേഴ്‍സ് ആക്ട്, 1972 പ്രകാരം രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ മാത്രമേ പുരാവസ്തുവായി കണക്കാക്കൂ” കെ.വി ശ്രീനാഥ്
സമയം പ്ലസിനോട് പറഞ്ഞു.
“ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഓഫീസ് മുഖാന്തിരം ആര്‍ക്കും ചെയ്യാവുന്നതാണ് പുരാവസ്തുക്കളുടെ രജിസ്റ്റേട്രേഷന്‍ നടപടികള്‍. അതിനായി വെബ്‌സൈറ്റില്‍ അപേക്ഷ ഫോം ലഭ്യമാണ്. അത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യേണ്ട വസ്തുവിന്‍റെ നാല് ഫോട്ടോഗ്രാഫും സഹിതം കേന്ദ്ര പുരാവസ്തു വകുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഒരു നിശ്ചിത തീയതിയില്‍ വസ്തു പരിശോധനക്ക് ഹാജരാക്കണമെന്ന് അവര്‍ ആവശ്യപ്പെടും. അതിന് ശേഷമുള്ള പരിശോധനയിലാണ് ആ വസ്തു പുരാവസ്തു ആണോ എന്ന് തിരിച്ചറിയുന്നത്. ആണെങ്കില്‍ ആ വസ്തുവിന് രജിസ്റ്റ്‌ട്രേഷന്‍ കൊടുക്കും. പക്ഷേ, അതിന് മുൻപ് ആ വസ്തു എവിടെ നിന്നാണ് കിട്ടിയതെന്ന് കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ വസ്തുവിന്‍റെ ഉടമസ്ഥന്‍ ബാധ്യസ്ഥനാണ്. മോഷണ വസ്തുവല്ല പകരം പാരമ്പര്യമായി കിട്ടിയതോ കൈമാറ്റം കിട്ടിയതോ ആണെന്ന് തിരിച്ചറിയാനാണ് വസ്തുവിന്‍റെ ഉറവിടം ഉദ്യോഗസ്ഥര്‍ ആരായുന്നത്. ഈ പ്രക്രിയകളെല്ലാം കഴിഞ്ഞാല്‍ കമ്മിറ്റി ഉടമസ്ഥന് ഒരു രജിസ്റ്റട്രേഷന്‍ നമ്പര്‍ നല്‍കും.”, കെ.വി ശ്രീനാഥ് പറഞ്ഞു.
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, പുരാവസ്തു ആയി രജിസ്റ്റര്‍ ചെയ്ത വസ്തുക്കള്‍ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും കൊണ്ടുപോകാം, പക്ഷേ, യാതൊരു കാരണവശാലും രാജ്യാതിര്‍ത്തി വിട്ട് കൊണ്ടുപോകാന്‍ പാടില്ല. ഇത് നിയമവിരുദ്ധമാണ്. മൂന്ന് വര്‍ഷത്തെ തടവിനും പിഴക്കും ആ വ്യക്തി വിധേയനാകേണ്ടി വരും. — ഉദ്യോഗസ്ഥന്‍ പറയുന്നു.
വ്യക്തികള്‍ക്ക് മാത്രമാണ് ഇത് ബാധകം. രാജ്യത്തിന്‍റെ പ്രശസ്തി വര്‍ധിപ്പിക്കുന്ന വസ്തുക്കളോ ചിത്രങ്ങളോ, ഉദാഹരണത്തിന് രാജ രവിവര്‍മ്മയുടെ വിശ്വവിഖ്യാത ചിത്രങ്ങള്‍ മറ്റു രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് കൊണ്ടു പോകാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ഉണ്ട്. മാത്രമല്ല, ഏതെല്ലാം വസ്തുക്കളാണോ ഇന്ത്യയില്‍ നിന്ന് പ്രദര്‍ശനത്തിന് കൊണ്ടു പോയത് അവ നിശ്ചിത തീയതിയില്‍ രാജ്യത്ത് തിരിച്ചെത്തിയെന്ന് ഉറപ്പിക്കാനുള്ള ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാരിന് ഉണ്ടെന്ന് കെ.വി ശ്രീനാഥ് പറയുന്നു.
പാരമ്പര്യമായി കിട്ടുന്ന പുരാവസ്‍തുക്കള്‍
പാരമ്പര്യമായി കൊമാറിവന്ന വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ആര്‍ക്കിയോളജി വകുപ്പ് മുന്‍ ഡോക്യുമെന്‍റേഷന്‍ പ്രൊഫസറും ചരിത്രകാരനുമായ ഡോ. എം.ജി ശശിഭൂഷണ്‍ പറയുന്നത്.
“എന്നാല്‍, രജിസ്റ്റര്‍ ചെയ്യുന്നതാണ് നല്ലത്, പ്രത്യേകിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍. കാരണം, എന്തെങ്കിലും കാരണവശാല്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ മോഷണം പോകുകയോ ചെയ്താല്‍, പുരാവസ്തുവായി രജിസറ്റര്‍ ചെയ്തതാണെങ്കില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകും. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. അതേസമയം, നമ്മുടെ കൈവശമുള്ള ഒരു പുരാവസ്തു മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല. എന്നാല്‍ കൈമാറ്റം ചെയ്യുമ്പോള്‍, രജിസ്റ്റര്‍ ചെയ്ത വസ്തുവാണെങ്കില്‍ ആരാണോ വസ്തു സ്വീകരിക്കുന്നത് അവരുടെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യണം” ഡോ. എം.ജി ശശിഭൂഷണ്‍ സമയം പ്ലസിനോട് പറഞ്ഞു.
നിധി എന്ത് ചെയ്യും?
പുരാവസ്‍തുക്കള്‍ക്ക് ആന്‍റിക്വിറ്റി സര്‍ട്ടിഫിക്കറ്റും നോണ്‍ ആന്‍റിക്വിറ്റി സര്‍ട്ടിഫിക്കറ്റും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, ദിവസവും പൂജ ചെയ്യുന്ന ഒരു വിഗ്രഹം ഒരാള്‍ക്ക് വിദേശത്തേക്ക് കൊണ്ട് പോകണമെങ്കില്‍ അത് പുരാവസ്തു അല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അയാള്‍ കയ്യില്‍ കരുതേണ്ടതുണ്ട്.
വിമാനത്താവളത്തില്‍ വെച്ച് നോണ്‍ ആന്‍റിക്വിറ്റി സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ പുരാവസ്തു മൂല്യമുള്ള വസ്തു വിദേശത്തേക്ക് കൊണ്ടുപോകാന്‍ കവിയൂ. പുരാവസ്തു രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയാണോ, അതുപോലെ അപേക്ഷ സമര്‍പ്പിച്ചാണ് ഈ സര്‍ട്ടിഫിക്കറ്റും വാങ്ങേണ്ടതെന്ന് കെ.വി ശ്രീനാഥ് പറഞ്ഞു.
വീടുവെക്കുമ്പോഴോ കിണര്‍ കുഴിക്കുമ്പോഴോ ഭൂമിക്കടിയില്‍ നിന്ന് പുരാവസ്തു മൂല്യമുള്ള പഴയ വസ്തുക്കള്‍ കിട്ടാറുണ്ട്. എന്നാല്‍ നമ്മുടെ ഭൂമി ആണെന്ന് കരുതി ആ വസ്തുക്കള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിയില്ല. നികുതി കൊടുത്താണ് ആ ഭൂമിയില്‍ കഴിയുന്നത് എന്നിരിക്കെ നമ്മള്‍ ആ ഭൂമിയിലെ വാടകക്കാരനാണ്. അതിനാല്‍തന്നെ ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ മേല്‍ സര്‍ക്കാരിന് മാത്രമാണ് അധികാരം.
അത്തരം വസ്തുക്കള്‍ കിട്ടിയാല്‍ ആദ്യം അവ ഏറ്റെടുക്കേണ്ടത് കളക്ടറോ അല്ലെങ്കില്‍ കളക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോ ആണ്. പിന്നീടാണ് ആര്‍ക്കിയോളജി വകുപ്പ് ആ വസ്തു ഏറ്റെടുക്കുക.
അമൂല്യ വസ്തുക്കള്‍ ലഭിച്ചാല്‍ അതിന്‍റെ മെറ്റീരിയല്‍ വാല്യൂവിന്‍റെ നിശ്ചിത ശതമാനം ഇന്‍സെന്‍റീവ് തുക (പുരാവസ്തു മൂല്യം അല്ല) ഭൂമിയുടെ ഉടമയ്ക്ക് ലഭിക്കും. ഉദാഹരണത്തിന് ഭൂമിക്കടിയില്‍ നിന്ന് കിട്ടുന്നത് ഒരു പവന്‍ സ്വര്‍ണ്ണമാണെങ്കില്‍, ഒരു പവന് എത്രയാണോ ആ സമയത്തുള്ള വിപണി വില അതാണ് നല്‍കുക. – കെ.വി ശ്രീനാഥ് പറയുന്നു.
കൗതുക വസ്തുക്കളും പുരാവസ്തുക്കളും
കേരളത്തിലുള്ള ഒട്ടുമിക്ക ആളുകള്‍ക്കും പുരാവസ്തുക്കളും കൗതുക വസ്തുക്കളും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നാണ് പൈതൃക വസ്തുക്കള്‍ ശേഖരിക്കുന്ന മലപ്പുറം സ്വദേശി സലിം പടവണ്ണ പറയുന്നത്.
“വഴിയരികില്‍ നിന്ന് കിട്ടുന്ന വിലകുറവുള്ള പഴയ സാധനങ്ങളും വിദേശ രാജ്യങ്ങളിലെ പഴയ വസ്തുക്കളും പുരാവസ്തുക്കള്‍ ആണെന്ന് വിശ്വസിച്ച് ശേഖരിക്കുന്ന പലരും ഉണ്ട്. ചിലര്‍ ചെറിയ വിലക്ക് വാങ്ങി അറിവില്ലാത്തവര്‍ക്ക് വലിയ വിലക്ക് വില്‍ക്കുകയും തട്ടിപ്പ് നത്തുകയും ചെയ്യുന്നുണ്ട്. അവരിലേക്ക് പുരാവസ്തുക്കളെ കുറിച്ചും കൗതുക വസ്തുക്കളെ കുറിച്ചുമുള്ള അറിവ് എത്തിക്കാനും അതിന്‍റെ നിയമ വശങ്ങള്‍ പറഞ്ഞുകൊടുക്കാനും തയ്യാറാവുകയാണ് ആദ്യം ചെയ്യേണ്ടത്” സലിം പറയുന്നു.
പുരാവസ്തുക്കളുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍, ആര്‍ക്കിയോളജിയുമായി ബന്ധപ്പെട്ട സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍തലത്തില്‍ യോഗങ്ങള്‍ നടത്തണമെന്നാണ് മലപ്പുറത്തെ ന്യുമിസ്‍മാറ്റിക്സ് സൊസൈറ്റി അധ്യക്ഷൻ കൂടെയായ സലിം പടവണ്ണ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സലിം അടക്കം നിരവധി ആളുകള്‍ ചേര്‍ന്ന് പുരാവസ്തു വകുപ്പ് മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിന് നിവേദനം നല്‍കിയിരുന്നു.
പാരമ്പര്യമായി കൈമാറിക്കിട്ടിയ വസ്തുക്കളും പല സ്ഥലങ്ങളില്‍ നിന്ന് വാങ്ങിയ കൗതുകമുണര്‍ത്തുന്ന വസ്തുക്കളും ഉപയോഗിച്ച്, 2013 മുതല്‍ തന്‍റെ വീട്ടില്‍ മ്യൂസിയം നടത്തുകയാണ് സലിം പടവണ്ണ.
പാരമ്പര്യമായി കിട്ടിയ വസ്‍തുക്കളെ പുരാവസ്തു എന്ന് വിളിക്കണമെങ്കില്‍ അവ ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സലിം ഈ അടുത്താണ് അറിഞ്ഞത്. പാരമ്പര്യമായി കിട്ടിയ പത്തായം, ഒറ്റമരത്തില്‍ കുഴിച്ചെടുത്ത മഞ്ച, എണ്ണ കോരി, തുടങ്ങിയ വസ്തുക്കളെ തൽക്കാലം പൈതൃക വസ്തുക്കള്‍ എന്ന് മാത്രമേ സലിം വിശേഷിപ്പിക്കുന്നുള്ളൂ.
മലപ്പുറത്ത് ഒരുപാട് വീടുകളില്‍ ഇത്തരത്തില്‍ പാരമ്പര്യമായി കിട്ടിയ വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെന്നും എന്നാല്‍, വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്ന പലരും അക്കൂട്ടത്തില്‍ ഉണ്ടെന്നുമാണ് സലിം പറയുന്നത്.
തങ്ങളുടെ വസ്തുക്കള്‍ സര്‍ക്കാരിന് നല്‍കേണ്ടി വരുമോ അല്ലെങ്കില്‍ എന്തെങ്കിലും നിയമനടപടികള്‍ നേരിടേണ്ടിവരുമോ എന്നുള്ള ഭയമാണ് പലര്‍ക്കും. കൂടാതെ വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ബുദ്ധിമുട്ടും ആളുകളെ ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് സലിം കരുതുന്നു.
****
Featured Image: