പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ബുധനാഴ്ച നിലവിൽ ഓറഞ്ച് അലേര്‍ട്ടുള്ളത്. ഇവിടങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേര്‍ട്ടുമുണ്ട്. ഇവിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇന്നലെ പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് പതിനൊന്നു ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിൽ എട്ട് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ടാണ് പിൻവലിച്ചത്.
Also Read:
അതേസമയം, ചൊവ്വാഴ്ചത്തെ പ്രവചനം അനുസരിച്ച് 12 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പൂര്‍ണമായി പിൻവലിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കനത്ത മഴ ശമിച്ചിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇടുക്കി ഡാം ഇന്നലെ മുതൽ തുറക്കുകയും വൃഷ്ടിപ്രദേശത്ത് മഴ കുറയുകയും ചെയ്തതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.
Also Read:
അതേസമയം, സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു തുടങ്ങി. പുഴയിൽ ജലനിരപ്പ് കുറഞ്ഞതോടെ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങള്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. എന്നാൽ മലക്കപ്പാറ റൂട്ട് ഈ മാസം 24 വരെ സന്ദര്‍ശകര്‍ക്കായി തുറക്കില്ല.
അതേസമയം, മഴ കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മുൻദിവസങ്ങളിൽ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ മേഖലകളിൽ ദുരിതം തുടരുകയാണ്. പമ്പ ഡാം തുറന്നു വിട്ടതോടെ കുുട്ടനാട് മേഖലയിൽ വീണ്ടും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇവിടങ്ങളിൽ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാൽ തോട്ടപ്പള്ളി സ്പിൽവേയുടെ 39 ഷട്ടറുകള്‍ തുറന്നതോടെ കിഴക്കു നിന്നുള്ള വെള്ളം ഒഴുകി നീങ്ങുന്നതിനാൽ വലിയ ആശങ്കയില്ല. കെഎസ്ആര്‍ടിസി സര്‍വീസും മേഖലയിൽ സാധാരണ നിലയിലായിട്ടില്ല. പമ്പ ഡാമിൽ നിന്നുള്ള നീരൊഴുക്ക് നിന്നാൽ ബസ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുള്ളത്. നദിയിൽ നീരൊഴുക്ക് കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. കുട്ടനാട് മേഖലയിൽ പല വീടുകളിലും വെള്ളം കയറിയതോടെ ഈ പ്രദേശത്തുള്ള നിരവധി പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്.