നെയ്റോബി
ആഫ്രിക്കയിലെ അപൂര്‍വമായ ഹിമാനികള്‍ (ഒഴുകിനടക്കുന്ന മഞ്ഞുപാളികള്‍) 20 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥാവ്യതിയാനമാണ് വില്ലന്‍. ആഗോളതാപനം ഉയരുന്നതില്‍ കാര്യമായ പങ്കില്ലാത്ത ആഫ്രിക്കന്‍ വന്‍കരയ്ക്കാണ് പരിസ്ഥിതി ഭീഷണി നേരിടേണ്ടിവരുന്നത്. 31ന് സ്കോട്ട്ലന്‍ഡില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി ചേരുന്നതിനു മുന്നോടിയായി ലോക അന്തരീക്ഷ വിജ്ഞാനീയ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഹിമാനികള്‍ ഉരുകുന്നത് 130 കോടി വരുന്ന ആഫ്രിക്കൻ ജനതയ്ക്ക് ദുരിതമുണ്ടാക്കും. കിളിമഞ്ചാരോ പര്‍വതങ്ങളിലെയും കെനിയയിലെയും ഉഗാണ്ടയിലെയും പര്‍വതങ്ങളിലെയും മഞ്ഞുപാളികള്‍ ചുരുങ്ങിവരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആഗോള ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ നാലുശതമാനം മാത്രമേ ആഫ്രിക്കയിലെ 54 രാജ്യത്തിന്റേതായുള്ളൂ. വികസിതരാജ്യങ്ങളുടെ ചെയ്തികളുടെ ദുരന്തഫലമാണ് ആഫ്രിക്കയില്‍ സംഭവിക്കുന്നത്.