കൊച്ചി > ഇടമലയാറിൽനിന്ന് ചൊവ്വ രാവിലെ ആറിന് രണ്ട് ഷട്ടറുകൾ തുറന്ന് ഒഴുക്കിയ ജലം പെരിയാറിൽ എത്തിയെങ്കിലും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. മഴ മാറിനിന്നതും വേലിയിറക്കവും അനുകൂലമായി. ഇടുക്കി അണക്കെട്ടിൽനിന്ന് തുറന്നുവിട്ട ജലം വൈകിട്ട് ആറോടെ ജില്ലാ അതിർത്തിയായ നേര്യമംഗലം പിന്നിട്ടെങ്കിലും പുഴയ്ക്ക് വീതിയുള്ള ഇവിടെ 30 സെന്റീമീറ്റർ മാത്രമാണ് ജലനിരപ്പിൽ വർധന. ഇത് രാത്രി പന്ത്രണ്ടിനാകും ആലുവ, കാലടി മേഖലയിൽ എത്തുക. ആലുവയിൽ ഒരു മീറ്ററിലധികം ജലനിരപ്പ് ഉയരില്ലെന്നാണ് വിദഗ്ധരുമായി ചർച്ച ചെയ്തശേഷം മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചത്.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ആലുവ, പറവൂർ, കാലടി മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ മുൻകരുതൽ തുടരുകയാണ്. ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും ദുരന്തനിവാരണ സേനയുടെ രണ്ടു കമ്പനികളും ആലുവയിലും പറവൂരിലുമായി ക്യാമ്പ് ചെയ്യുന്നുണ്ട്. മന്ത്രിമാരായ പി രാജീവും കെ കൃഷ്ണൻകുട്ടിയും ആലുവയിൽ ക്യാമ്പ് ചെയ്ത് മുൻകരുതൽ നിരീക്ഷിക്കുന്നു. എലൂർ കുറ്റിക്കാട്ടുകര ബോസ്കോ കോളനിയിലെ 12 കുടുംബങ്ങളിൽനിന്നായി 45 പേരെ കുറ്റിക്കാട്ടുകര സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. വെള്ളപ്പൊക്കഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ താൽക്കാലിക ഹെൽപ്ഡെസ്കുകൾ പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂർ ആംബുലൻസ് സർവീസും സന്നദ്ധസേവകരും സജ്ജമായി. കൊച്ചി കോർപറേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും.