കോഴിക്കോട് > സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പിന് തുടക്കമായി. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് മൈതാനത്താണ് പരിശീലനം. അന്തർ ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പിൽ കളിച്ച 35 താരങ്ങളാണ് ക്യാമ്പിലുള്ളത്. മുഖ്യപരിശീലകൻ ബിനോ ജോർജിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്.
രാവിലെയും വൈകിട്ടുമാണ് പരിശീലനം. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളുടെ റിസർവ് ടീമുകളിലെ താരങ്ങളെയും ക്യാമ്പിലേക്ക് പരിഗണിക്കും.
സംസ്ഥാനത്തിന് പുറത്തു കളിക്കുന്ന മലയാളികളെയും ടീമിലുൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇത്തവണ ദക്ഷിണമേഖലാ മത്സരങ്ങളും ഫൈനൽ റൗണ്ടും കേരളത്തിലാണ് നടക്കുന്നത്. മലപ്പുറം പയ്യനാട് സ്റ്റേഡിയമാണ് പ്രധാന വേദി.