ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശത്തെത്തുടർന്ന് കെഎസ്ആർടിസി എംഡിയാണ് ജയദീപിനെ സസ്പെന്റ് ചെയ്തത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ ഡ്രൈവറുടെ അശ്രദ്ധയെത്തുടർന്നാണ് ബസ് മുങ്ങിയത്. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.
നാട്ടുകാരാണ് യാത്രക്കാരെ ബസിൽ നിന്നും പുറത്തെത്തിച്ചത്. ബസില്‍ കുട്ടികളും പ്രായമായവരും അടക്കം 30 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. അശാസ്ത്രീയമായ തടയണയാണ് ഇവിടെ വെള്ളക്കെട്ടിന് ഇടയാക്കിയത്.
സസ്പെൻഷൻ ലഭിച്ചതിനു ശേഷം കെഎസ്ആർടിസിയെ പരിഹസിച്ച് ജയദീപ് രംഗത്തെത്തിയിരുന്നു. കൂടാതെ സസ്പെൻഷൻ തബലകൊട്ടി ആഘോഷിക്കുകയും ചെയ്തു. ആളുകളെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും തന്റെ ഇഷ്ടപ്രകാരമല്ല ബസ് വെള്ളക്കെട്ടിലേക്ക് ഇറക്കിയതെന്നും ജയദീപ് പറഞ്ഞു.
സസ്പെൻഷൻ നടപടിയിൽ അധികൃതരെ പരിഹസിക്കുന്ന തരത്തിലാണ് പ്രതികരണം നടത്തിയത്. “KSRTC യിലെ എന്നെ സസ്പെൻ്റ് ചെയ്ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെൻ്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ” – എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഒരു പോസ്റ്റ്.
മറ്റൊരു പോസ്റ്റിൽ, “പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക. ഞാൻ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാൻ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാൻ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എൻ്റെ ലക്ഷ്യം. യാത്രക്കാർ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്. ഞാൻ എൻ്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കിൽ യാത്രക്കാർ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക” ജയദീപ് പറഞ്ഞു.