കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരേ പീഡന കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മോൻസൺ മാവുങ്കലിനെതിരേ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വിദ്യാഭ്യാസ സഹായംവാഗ്ദാനം നൽകി മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലൂർ വൈലോപ്പിള്ളി ലൈനിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറിയാതായാണ് വിവരം.
അതേസമയം മോൻസൺ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നൽകും. പുരാവസ്തു ഇടനിലക്കാരൻ സന്തോഷ് എളമക്കര നൽകിയ കേസിലാണിത്. മ്യൂസിയം നിർമിക്കാനെന്ന് വിശ്വസിപ്പിച്ച് മൂന്നുകോടി രൂപയുടെ പുരാവസ്തു മോൻസൺ കൈക്കലാക്കിയെന്നാണ് സന്തോഷ് നൽകിയ പരാതി. മോശയുടെ അംശവടിയെന്ന് മോൻസൺ അവകാശപ്പെട്ട വസ്തുക്കളും ശില്പങ്ങളും അടക്കം എഴുപത് ശതമാനം വസ്തുക്കളും സന്തോഷ് നൽകിയതാണ്. മോൻസണെയും സന്തോഷിനെയും ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സന്തോഷിന് പണം നൽകാനുണ്ടെന്ന് മോൻസൺ അന്ന് മൊഴിയും നൽകിയിരുന്നു.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പർജൻ കുമാറിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക.
Content Highlights:POCSO Case registered against Monson Mavunkel