തിരുവനന്തപുരം: നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കേരളം നടപ്പാക്കാൻ ഉദ്ദേശിച്ച റൂം ഫോർ റിവർ പദ്ധതി ഇനിയും തുടങ്ങിയില്ല. 2018-ലെ പ്രളയത്തിനുശേഷം നെതർലൻഡ്സിൽപ്പോയി പദ്ധതി കണ്ടുപഠിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് അതേ മാതൃക കേരളത്തിലും നടപ്പാക്കാൻ തീരുമാനിച്ചത്. നദികൾ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാൻ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രിയുടെ സന്ദർശനശേഷം നെതർലൻഡ്സിൽ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാർഗനിർദേശം നൽകാൻ കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തിൽ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാൻ പമ്പാ നദിയിലാണ് നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. കൺസൽട്ടൻസിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ ക്രമക്കേടും വിവാദവുമാണ് ഇത്രയും കാലതാമസത്തിന് കാരണമായത്.
ആദ്യം നാല് കൺസൾട്ടൻസികളാണ് ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീട് രണ്ടുകമ്പനികൾ കൂടി ഉൾപ്പെട്ടു. യോഗ്യതയിൽ പുറത്തായ ഈ രണ്ടുകമ്പനികൾ പട്ടികയിൽ ഉൾപ്പെട്ടതിൽ ദുരൂഹത ഉയർന്നു. മുഖ്യമന്ത്രിയുടെ വിദേശസന്ദർശനവേളയിൽ സഹായിച്ച ഈ കമ്പനികളെക്കൂടി ഉൾപ്പെടുത്തണമെന്ന ജലവിഭവ വകുപ്പ് മേധാവിയായിരുന്ന വിശ്വാസ് മേത്ത രേഖപ്പെടുത്തിയതും വിവാദമായി. ഇതോടെ കൺസൾട്ടൻസി തിരഞ്ഞെടുപ്പ് നിർത്തിവെച്ചു. 2021 മാർച്ചിലാണ് ചെന്നൈ ഐ.ഐ.ടി.ക്ക് കൺസൾട്ടൻസി നൽകിയത്. വിശദ പദ്ധതിറിപ്പോർട്ട് തയ്യാറാക്കുന്നത് ഉൾപ്പടെ അഞ്ചുകോടിയാണ് കൺസൾട്ടൻസി ഫീസ്. ഡിസംബറോടെ ഇടക്കാല റിപ്പോർട്ട് നൽകും. കേരള പുനർനിർമാണപദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിൽ പദ്ധതി നടപ്പാക്കാൻ 2019-ൽ ആസൂത്രണ ബോർഡ് നിർദേശിച്ചു. മൂന്നോ നാലോ വർഷംകൊണ്ട് പൂർത്തിയാക്കാനാവുമെന്നാണ് ബോർഡ് അഭിപ്രായപ്പെട്ടത്.