ഇടുക്കി: 2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് പതിനൊന്ന് മണിയോടെ തുറക്കും. അണക്കെട്ടിന്റെ ചരിത്രത്തിൽ ഇത് നാലാം തവണയാണ് തുറക്കാൻ പോകുന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാകും ഉയർത്തുക. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കൊഴുകും.
വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂൾ കർവ് പ്രകാരം 2397.8 അടി എത്തിയാൽ ചുവന്ന ജാഗ്രത പുറപ്പെടുവിക്കണം. നിലവിൽ ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തണമെങ്കിൽ ചുവപ്പ് ജാഗ്രത കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂ. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.
മൂന്നുവർഷത്തിനുശേഷം വീണ്ടുമൊരിക്കൽകൂടി ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമ്പോൾ കുറ്റമറ്റ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. തെല്ലൊരു ആശങ്കയുണ്ടെങ്കിലും അണക്കെട്ട് വീണ്ടും തുറക്കുന്നതിന്റെ കൗതുകവുമുണ്ട്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിറഞ്ഞുകിടക്കുന്ന ഇടുക്കി അണക്കെട്ടിന്റെ വിദൂരദൃശ്യം| ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി
ഇടുക്കി മറന്നിട്ടില്ല ദുരിതത്തിന്റെ ഷട്ടർ തുറന്ന ആ ദിവസങ്ങൾ
മൂന്നുവർഷം മുൻപ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നത് ദുരിതത്തിലേക്കായിരുന്നു. 2018 ഓഗസ്റ്റ് ഒൻപതിനായിരുന്നു അത്. 26 വർഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോൾ അഞ്ചുഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കേണ്ടിവന്നു. ഇടുക്കിക്കാർക്ക് മാത്രമല്ല, താഴെ ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാറിന്റെ ഇരുകരകളിലുമുള്ള നാടുകൾക്കെല്ലാം മറക്കാൻ കഴിയാത്ത ദിവസങ്ങളായിരുന്നു പിന്നീട്.
വീണ്ടുമൊരിക്കൽകൂടി ഷട്ടറുകൾ തുറക്കുമ്പോൾ 2018-ലേതിന് സമാനമായ സാഹചര്യമില്ല. വലിയ ആശങ്കകളുമില്ല.
മഴ ശക്തമായതോടെ 2018 ജൂലായ് 30-ന് അണക്കെട്ടിലെ ജലനിരപ്പ് 2395.05 അടിയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ മഴ കുറഞ്ഞതോടെ ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൽ റൺ നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ, പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് ഓഗസ്റ്റ് ഏഴുമുതൽ മഴ കനത്തു. കൂടാതെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടലും.
ഇതോടെ ഓഗസ്റ്റ് 9-ന് ജലനിരപ്പ് 2398.98 അടിയായി ഉയർന്നു. ഷട്ടർ ഉയർത്താതെ വഴിയില്ലെന്നായി. അന്ന് ഉച്ചയ്ക്ക് 12.30-ന് അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ തുറന്നു. പിറ്റേന്ന് രാവിലെ ഏഴിന് രണ്ട്, നാല് നമ്പർ ഷട്ടറുകളും. എന്നിട്ടും വൈകീട്ട് ജലനിരപ്പ് ഉയർന്നതോടെ അഞ്ച് ഷട്ടറുകളും തുറന്നുവിടേണ്ടി വന്നു.
മഴയുടെ ശക്തി കുറഞ്ഞതോടെ 13-ന് വൈകീട്ട് രണ്ടുഷട്ടറുകൾ അടച്ചെങ്കിലും 14-ന് വീണ്ടും മഴ കൂടി. ഇതോടെ അഞ്ചുഷട്ടറുകളും വീണ്ടും തുറന്ന് വൻതോതിൽ വെള്ളം പുറത്തേക്കൊഴുക്കി. ചെറുതോണി ടൗണിനെ മാത്രമല്ല, കടന്നുപോയ വഴികളിലെ കരകളെയെല്ലാം ആ ജലം മൂടിക്കളഞ്ഞു. പെരിയാറിലൂടെ ഒഴുകിയെത്തി അങ്ങ് താഴെ ആലുവയും പറവൂരുമടക്കം എറണാകുളത്തിന്റെ ഹൃദയഭൂമിയെത്തന്നെ അത് മുക്കിക്കളഞ്ഞു.
പ്രളയശേഷം ഘട്ടം ഘട്ടമായാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളടച്ചത്. സെപ്റ്റംബർ ഏഴിന് അവസാനത്തേതും. ഒടുവിൽ അണക്കെട്ടിലെ വെള്ളത്തിനെ അറബിക്കടലെടുത്തെങ്കിലും അന്ന് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിവാദം ഏറെക്കാലം അലയടിച്ചു.
2018ൽ ഒഴുക്കിയത് 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം
2018 ഓഗസ്റ്റ് 9-ന് ഒരു ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 150 ഘനമീറ്റർ വെള്ളം തുറന്നുവിട്ടുകൊണ്ടായിരുന്നു, തുടക്കം.ആഗസ്റ്റ് 10-ന് അഞ്ച് ഷട്ടറുകൾ 40 സെന്റീമീറ്റർ ഉയർത്തിയതോടെ സെക്കൻഡിൽ 750 ഘനമീറ്റർ ഒഴുകിമാറി. ഇത് മൂന്നുദിവസം തുടർന്നു.
ഓഗസ്റ്റ് 13-ന് രണ്ട് ഷട്ടറുകൾ അടച്ചു. ബാക്കി രണ്ടെണ്ണം 40 സെന്റീമീറ്റർ ഉയർത്തി നിലനിർത്തി.
ഓഗസ്റ്റ് 17-ന് വീണ്ടും അഞ്ചു ഷട്ടറുകളും 50 സെന്റീമീറ്റർ വീതം തുറന്നു. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 1500 ഘനമീറ്ററായി.
സെപ്റ്റംബർ 9-ന് രണ്ട് ഷട്ടറുകൾ അടച്ചു. ബാക്കി മൂന്നെണ്ണം 40 സെന്റീമീറ്റർ തുറന്നുവെച്ചു. അതോടെ സെക്കൻഡിൽ 100 ഘനയടിയായി ഒഴുക്ക് കുറഞ്ഞു. ഒടുവിൽ സെപ്റ്റംബർ 14-ന് എല്ലാ ഷട്ടറുകളും അടച്ചു.
ഒരുമാസംകൊണ്ട് ഒഴുക്കിവിട്ടത് 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്
64 വീട്ടുകാർക്ക് നോട്ടീസ്
ചെറുതോണി അണക്കെട്ടുതുറന്നാൽ നാശനഷ്ടമുണ്ടാകുന്ന പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് നോട്ടീസ് നൽകാൻ ആരംഭിച്ചു. വാത്തിക്കുടി വില്ലേജിൽ നാല്, തങ്കമണി വില്ലേജിൽ എട്ട്, ഇടുക്കി വില്ലേജിൽ 39, ഉപ്പുതോട് വില്ലേജിൽ അഞ്ച്, കഞ്ഞിക്കുഴി വില്ലേജിൽ എട്ട് എന്നിങ്ങനെ 64 വീട്ടുകാർക്കാണ് നോട്ടീസ് നൽകുന്നത്. ചെറുതോണി പാലം നിർമാണത്തിനായി കൊണ്ടുവന്ന ഉപകരണങ്ങളും നിർമാണസാമഗ്രികളും മാറ്റാൻ നിർദേശം നൽകി.
ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അണക്കട്ടിൽ സന്ദർശനം നടത്തുന്നു
ക്യാമ്പുകൾ സജ്ജീകരിക്കും
ക്യാമ്പുകൾ തുറക്കാൻ കഞ്ഞിക്കുഴി വില്ലേജിൽ എസ്.എൻ.വൊക്കോഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വാത്തിക്കുടി വില്ലേജിൽ രാജപുരം ഫാത്തിമ മാതാ ഓഡിറ്റോറിയം, ഇടുക്കി വില്ലേജിൽ ചെറുതോണി ടൗൺഹാൾ, വിവിധ സ്കൂളുകൾ, ഉപ്പുതോട്ടിൽ വിമലഗിരി വിമലമാതാ സ്കൂൾ തുടങ്ങിയവ സജ്ജീകരിക്കും.
വേണം, അതീവജാഗ്രത
ഇടുക്കിയിൽ ഇപ്പോഴും ഒറ്റപ്പെട്ട മഴ തുടരുകയാണ്. 20-ന് തമിഴ്നാട് കേന്ദ്രമായി ന്യൂനമർദ്ദമുണ്ടാകുമെന്ന് മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ന്യൂനമർദമുണ്ടായാൽ ഉറപ്പായും ജലനിരപ്പുയരും. തമിഴ്നാട്ടിൽ മഴപെയ്താൽ മുല്ലപ്പെരിയാറിൽനിന്ന് വെള്ളംകൊണ്ടുപോകുന്നത് നിർത്തിവെയ്ക്കും. അതിനാൽ, അതീവ ജാഗ്രത പുലർത്തണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. 2395 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് വ്യാപാരികളും സമീപപ്രദേശങ്ങളിലുള്ളവരും ആവശ്യപ്പെട്ടു. 2018-ലേതുപോലെ ഒറ്റയടിക്ക് വെള്ളം തുറന്നുവിടരുതെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.