കൂട്ടിക്കൽ> ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട കൂട്ടിക്കൽ നിവാസികൾക്ക് ആശ്വാസമായി സർക്കാർ സംവിധാനങ്ങൾ. രക്ഷാപ്രവർത്തനത്തിലടക്കം മുഴുവൻ വകുപ്പും ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്തിയത്. മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകി.
എല്ലാവരുടെയും സംസ്കാര ചെലവും സർക്കാർ വഹിച്ചു. കാവാലി പള്ളിക്കുസമീപം കുടുംബത്തിലെ എല്ലാവരും മരിച്ച ഒട്ടലാങ്കൽ മാർട്ടിന്റെ അവകാശികളെ സ്ഥിരീകരിക്കേണ്ടതുണ്ട്. അവകാശികൾക്ക് നാലുലക്ഷംരൂപ അനുവദിച്ചു. കൂട്ടിക്കലിൽ നാല് ക്യാമ്പിലായി മൂന്നൂറുപേരെ മാറ്റി. കോട്ടയത്ത് 40 ക്യാമ്പാണുള്ളത്. ഇവിടെ 439 കുടുംബത്തിൽനിന്ന് 1706 പേരെ മാറ്റി.
മുണ്ടക്കയത്ത് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പൊലീസ്, അഗ്നിരക്ഷാസേനാ സംഘം തിരച്ചിൽതുടരുകയാണ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പായി. മൂന്നുദിവസമായി ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ എന്നിവിടങ്ങളിൽ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവരും നേരിട്ടെത്തി.
സർക്കാർ മുന്നിൽനിന്ന് നയിച്ചത് രക്ഷാപ്രവർത്തകർക്കെല്ലാം ആത്മവിശ്വാസംപകർന്നു. തകർന്ന വീടുകളുടെ നഷ്ടം കണക്കാക്കാൻ എൽഎസ്ജിഡി എൻജിനിയർമാരും രംഗത്തുണ്ട്. കൃഷിക്കുണ്ടായ പ്രാഥമിക നഷ്ടം 18 കോടിയാണ്.
മൃതദേഹങ്ങൾ മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കി.
പ്ലാപ്പള്ളിയിൽ ഒരാളുടെകൂടി മൃതദേഹം
പി സി പ്രശോഭ്
കൂട്ടിക്കൽ> ഉരുൾ തകർത്ത കൂട്ടിക്കൽ പ്ലാപ്പള്ളിയിൽനിന്ന് രക്ഷാപ്രവർത്തകർ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. കാണാതായ പതിനാലുകാരൻ അലന്റെ മൃതദേഹമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തിരിച്ചറിയാനെത്തിയ പിതൃസഹോദരൻ ജോസി മൃതദേഹം അലന്റേതാണെന്ന് സംശയം പ്രകടിപ്പിച്ചു.
മറ്റു മൃതദേഹങ്ങൾ കിട്ടിയ ഇടത്തുനിന്ന് രണ്ടു കിലോമീറ്ററോളം താഴെനിന്നാണ് തിങ്കളാഴ്ച ശരീരഭാഗങ്ങൾ ലഭിച്ചത്. തല ഉണ്ടായിരുന്നില്ല. രണ്ട് കൈകളുണ്ട്. അരയ്ക്ക് താഴേയ്ക്കില്ല. കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വ പോസ്റ്റ്മോർട്ടം നടത്തും.
കഴിഞ്ഞദിവസം കിട്ടിയ ശരീരഭാഗങ്ങൾ അലന്റേതല്ലെന്ന് വ്യക്തമായിരുന്നു. മരിച്ചവരിൽ അലന്റെ അമ്മ സോണിയയുമുണ്ട്.
പ്ലാപ്പള്ളിയിൽ നിന്ന് കിട്ടിയ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഓരോ ശരീരഭാഗവും വിശദമായി പരിശോധിച്ചാണ് ആരുടേതെന്ന് നിർണയിച്ചത്. എന്നാൽ അലന്റേതാണെന്നുപറഞ്ഞ് കൊണ്ടുവന്ന കാൽ ഏകദേശം നാൽപത് വയസുള്ള മറ്റൊരാളുടേതാണെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു. ഇത് മെഡിക്കൽകോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിങ്കൾ കിട്ടിയ മൃതദേഹവും അലന്റേതാണെന്ന് ഉറപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ ഡിഎൻഎ പരിശോധന നടത്തും. ഇതിനായി ബന്ധുക്കളുടെ ഡിഎൻഎ സാംപിൾ ശേഖരിക്കും. പ്രദേശത്ത് മറ്റാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊക്കയാറിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകൻ
ഇടുക്കി > കൊക്കയാർ ഏഴാംവാർഡായ മാക്കോച്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച ഒരുകുട്ടിയുടെ മൃതദേഹംകൂടി തിങ്കൾ ലഭിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.
തിങ്കൾ നടത്തിയ തിരച്ചിലിൽ രാവിലെ പത്തരയോടെ പുതുപ്പറമ്പിൽ ഷാഹുൽ സോഫിയ ദമ്പതികളുടെ മകൻ സച്ചു ഷാഹുലി(ഏഴ്)ന്റെ മൃതദേഹമാണ് ലഭിച്ചത്. വൈകിട്ട് കൂട്ടിക്കൽ ജുമാ മസ്ജിദിൽ ഖബറിസ്ഥാനിൽ ഖബറടക്കി. ഒഴുക്കിൽപ്പെട്ട് കാണാതായ ചേപ്ലാംകുന്നേൽ ആൻസി സാബു(50)വിനായി പുന്നകയാറിൽ പത്തുകിലോമീറ്റർവരെ തിരച്ചിൽ നടത്തി. ചൊവ്വയും തുടരും.
മാക്കോച്ചിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഒരുകുടുംബത്തിലെ അഞ്ചുപേരുടെയും പുന്നകയാറിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെയും മൃതദേഹം ഞായറാഴ്ച ലഭിച്ചിരുന്നു. ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ സിയാദ്, മക്കളായ അമീൻ, അമ്ന എന്നിവരുടെ മൃതദേഹം കാഞ്ഞിരപ്പള്ളി നൈനാർപള്ളി ജുമാമസ്ജിദിൽ വൈകിട്ട് ഖബറടക്കി. ഫൗസിയയുടെ സഹോദരൻ കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാര(എട്ട്), അഫിയാൻ(നാല്) എന്നിവരുടെ മൃതദേഹം കൂട്ടിക്കൽ ജുമാമസ്ജിദിലും ഖബറടക്കി. ചിറയിൽ ഷാജിയുടെ മൃതദേഹം കൂട്ടിക്കൽ നാരകംപുഴ സിഎസ്ഐ പള്ളിയിൽ തിങ്കൾ രാവിലെ സംസ്കരിച്ചു.
ദുരന്തബാധിതമേഖലകളായ മുക്കുളം, കുറ്റിപ്ലാങ്ങാട്, കനകപുരം, കൊക്കയാർ, 35–-ാം മൈൽ എന്നിവിടങ്ങളിൽ മന്ത്രി കെ രാധാകൃഷ്ണൻ, എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ എന്നിവർ സന്ദർശിച്ചു.
9803.21 ഹെക്ടർ കൃഷി നശിച്ചു
തിരുവനന്തപുരം > കഴിഞ്ഞ നാലു ദിവസത്തെ കനത്ത മഴയിൽ 9803.21 ഹെക്ടർ കൃഷി നശിച്ചതായി കൃഷിവകുപ്പ്. 56,003 കർഷകരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടം. 17522.6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏത്തവാഴയാണ് കൂടുതലും നശിച്ചത്–- 1006.85 ഹെക്ടർ. 3989 ഹെക്ടർ നെൽക്കൃഷിയും നശിച്ചു.
കോട്ടയം (1933.67 ഹെക്ടർ), എറണാകുളം (1673.26), തൃശൂർ (1521.74), ആലപ്പുഴ (-1276.15), പാലക്കാട് (1184.88) എന്നീ ജില്ലകളിലാണ് കൂടുതൽ കൃഷിനാശം.