ഇടുക്കി > അതിതീവ്രമഴയിൽ നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ചൊവ്വാഴ്ച തുറക്കും. പകൽ 11ന് മൂന്ന് ഷട്ടർ 35 സെന്റീമീറ്റർ ഉയർത്താനാണ് തീരുമാനം. തിങ്കളാഴ്ച രാത്രി 11 ഓടെ ജലനിരപ്പ് 2397.64 അടിയായി. 0.22 അടികൂടി ഉയർന്ന് 2397.86 ആയാൽ റെഡ് അലർട്ടാകും.
അപ്പർ റൂൾ ലെവലിൽ എത്താ ൻ ഒരടികൂടി ഉയരണം. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ന്യൂനമർദസാധ്യതയും കണക്കിലെത്ത് ചെറുതോണിയിൽനിന്ന് സെക്കൻഡിൽ 100 ക്യുമെക്സ്(ഒരു ലക്ഷം ലിറ്റർ) വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ദുരന്തനിവാരണ വിഭാഗം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. തിങ്കൾ വൈകിട്ട് ആറുമുതൽ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ശേഷിയുടെ 93.74 ശതമാനം വെള്ളമുണ്ട്.
മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം കൂട്ടി 1.3615 കോടി യൂണിറ്റാക്കി. ഉൽപ്പാദനശേഷം 90.778 ലക്ഷം ക്യുബിക് മീറ്റർ വെള്ളം പുറത്തുവിടുന്നുണ്ട്. ഞായർ ഉച്ചമുതൽ പദ്ധതിപ്രദേശത്ത് മഴ കുറവാണ്.
വെള്ളം ലോവർ പെരിയാർവഴി ആലുവയിലേക്ക്
ഇടുക്കി > ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറിൽ രണ്ടെണ്ണമാണ് ആദ്യം തുറക്കുക. വെള്ളം 20 കിലോമീറ്റർ പിന്നിട്ട് ലോവർ പെരിയാർ അണക്കെട്ടിലെത്തും. തുടർന്ന് കരിമണൽവഴി ഇടുക്കി അതിർത്തിയായ നേര്യമംഗലത്തെത്തി എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ജലസേചന കേന്ദ്രത്തിലും അവിടെനിന്ന് ആലുവയിലേക്കും ഒഴുകും. ഇവിടെനിന്ന് രണ്ടായി പിരിഞ്ഞ് അറബിക്കടലിലും വേമ്പനാട്ട് കായലിലും വെള്ളം പതിക്കും. ചെറുതോണിയിൽനിന്ന് 90 കിലോമീറ്റർ പിന്നിട്ടാണ് എറണാകുളത്ത് എത്തുന്നത്. ചെറുതോണി അണക്കെട്ടിൽനിന്നും തുറന്നുവിടുന്ന ജലം ആലുവയിലെത്താൻ എട്ടര മണിക്കൂറിലേറെ എടുക്കുമെന്നാണ് കണക്കുകൂട്ടൽ.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ഇടുക്കി പെരിയാർ തീരങ്ങളിലെ 222 പേരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചു. അഞ്ച് വില്ലേജിലായി 64 കുടുംബത്തിലുള്ളവരെയാണ് മാറ്റുന്നത്.
ഉയർത്തൽ നാലാംതവണ
കമീഷൻ ചെയ്തശേഷം 1981, 1992, 2018 വർഷങ്ങളിലാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ആദ്യ രണ്ട് ഘട്ടത്തിൽ ജലനിരപ്പ് യഥാക്രമം 2402.17, 2401.44 അടി പിന്നിട്ടപ്പോഴാണ് ഷട്ടർ ഉയർത്തിയത്. എന്നാൽ, 2018ൽ അതിശക്തമായ മഴയെത്തുടർന്ന് 2398.98 അടിയായപ്പോൾ തുറന്നു.
ഇടുക്കിയുടെ ഭാഗമായ ചെറുതോണിയിലെ ഷട്ടറാണ് ഉയർത്തുന്നത്. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, കലക്ടർ ഷീബ ജോർജ് ഉൾപ്പെടെയുള്ളവർ ഇടുക്കി അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 2395–- 2396 അടിയിൽ വെള്ളം നിയന്ത്രിച്ചുനിർത്തുക എന്നതാണ് തീരുമാനമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇടമലയാർ, പമ്പ അണക്കെട്ടിന്റെ ഷട്ടറും രാവിലെ തുറക്കും. വെള്ളം ലോവർ പെരിയാർ വഴി ഇടമലയാറിലേക്കാണ് എത്തുന്നത്.