കൊച്ചി > കൊച്ചി തുറമുഖത്തെ സംരക്ഷിക്കാൻ പോരാടുമെന്ന് നാട് ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്തു. തിങ്കൾ വൈകിട്ട് തോപ്പുംപടി പുതിയ പാലംമുതൽ വെണ്ടുരുത്തി പാലംവരെ കോവിഡ് മാനദണ്ഡം പാലിച്ച് അണിനിരന്ന ജനത ഒരുമനസ്സായി പോരാട്ട പ്രതിജ്ഞയെടുത്തു. കൊച്ചി തുറമുഖത്തെ സംരക്ഷിക്കുമെന്ന് സംരക്ഷണസമിതി ചെയർമാൻ എം അനിൽകുമാർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അവർ ഒരേസ്വരത്തിൽ ഏറ്റുചൊല്ലി.
കൊച്ചി തുറമുഖസംരക്ഷണം ഉറപ്പാക്കുക, തുറമുഖഭൂമി അന്യാധീനപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽഡിഎഫ് ജില്ലാ കമ്മിറ്റി ‘മനുഷ്യച്ചങ്ങല’ സംഘടിപ്പിച്ചത്. തുറമുഖ സംരക്ഷണ ശൃംഖലയും കൊച്ചി നാവികസേനാ വിമാനത്താവളത്തിനുമുന്നിൽ നടന്ന പൊതുസമ്മേളനവും സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി. തുറമുഖ സംരക്ഷണ സമിതി കൺവീനർ സി ഡി നന്ദകുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, കെ ജെ മാക്സി എംഎൽഎ, എൽഡിഎഫ് നേതാക്കളായ എസ് ശർമ, സി എം ദിനേശ്മണി, ജോൺ ഫെർണാണ്ടസ്, പി ആർ മുരളീധരൻ, കെ എം റിയാദ്, പി വാസുദേവൻ, പി എൻ സീനുലാൽ, പി എ പീറ്റർ, അഡ്വ. കെ എൻ സുഗതൻ, ടി സി സൻജിത്, ബാബു ജോസഫ്, ടി പി അബ്ദുൾ അസീസ്, കുമ്പളം രവി, എൻ എ മുഹമ്മദ് നജീബ്, പൗലോസ് മുടക്കുംതല, പോൾ വർഗീസ്, അഡ്വ. വർഗീസ് മൂലൻ, ജയ്സൺ പാനികുളങ്ങര, അഡ്വ. ടി വി വർഗീസ്, അഡ്വ. ടി ബി മിനി എന്നിവർ സംസാരിച്ചു. പി ജെ കുഞ്ഞുമോൻ, റെജി ഇല്ലിക്കപ്പറമ്പിൽ, അഡ്വ. വി വി ജോഷി, എം എം ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.