ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. അവസാന ഓവറിൽ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ മൊയിൻ അലിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
ക്യാപ്റ്റൻ ജോസ് ബട്ട്ലറും ജേസൺ റോയിയും ചേർന്ന് ആദ്യ ഓവറുകളിൽ ഇംഗ്ളണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പവർപ്ലേ ഓവറുകൾ അവസാനിക്കും മുൻപേ രണ്ടു പേരെയും ഷമി പുറത്താക്കി. നാലാം ഓവറിൽ 13 പന്തിൽ 17 റൺസെടുത്ത ബട്ട്ലറുടെ വിക്കറ്റ് പിഴുത ഷമി ആറാം ഓവറിൽ റോയിയെ ബുംറയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പവർപ്ലേ ഓവർ അവസാനിക്കുമ്പോൾ 51 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡിൽ.
പിന്നീട് എത്തിയ ഡേവിഡ് മലാൻ 18 പന്തിൽ പതിനെട്ട് റൺസുമായി രാഹുൽ ചഹാറിന് വിക്കറ്റ് നൽകി മടങ്ങി. അതേസമയം മറുവശത്ത് ഉണ്ടായിരുന്ന ജോണി ബെയര്‍സ്റ്റോയും അടുത്തതായി ഇറങ്ങിയ ലിയാം ലിവിംഗ്സ്റ്റണും ചേർന്ന് കൂറ്റൻ ഷോട്ടുകളിലൂടെ ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് പതിമൂന്നാം ഓവറിൽ സ്കോർ 100 കടത്തി.
Also Read: T20 WC: നാല് പന്തിൽ നാല് വിക്കറ്റ്, ലോക റെക്കോർഡിനൊപ്പം കാംഫർ; അയർലണ്ടിനു ജയം
പതിനഞ്ചാം ഓവറിൽ ഷമി മടങ്ങിയെത്തി 20 പന്തിൽ 30 റൺസെടുത്ത ലിവിങ്‌സ്റ്റണിനെ വീഴ്ത്തിയെങ്കിലും മൊയിൻ അലി എത്തി തകർത്തടിച്ചു ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയിരുന്നു.
ബുംറയുടെ പന്തിൽ അർധസെഞ്ചുറിക്ക് ഒരു റൺ അകലെയാണ് ബെയർസ്‌റ്റോ വീണത്. 36 പന്തിൽ 49 റൺസായിരുന്നു സമ്പാദ്യം. മൊയീൻ അലി 20 പന്തിൽ 43 റൺസ് നേടി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റും ബുംറയും രാഹുൽ ചഹാറും ഓരോ വിക്കറ്റും നേടി.
The post T20 WC: തകർത്തടിച്ച് മൊയീൻ അലി; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം appeared first on Indian Express Malayalam.