കൊച്ചിപത്തനംതിട്ട: ഇടുക്കി അണക്കെട്ടിന് പുറമെ പമ്പ, ഇടമലയാർ അണക്കെട്ടുകളും ചൊവ്വാഴ്ച തുറക്കും.പമ്പ അണക്കെട്ട് രാവിലെ അഞ്ചിനും ഇടമലയാർ രാവിലെ ആറിനും ആയിരിക്കും തുറക്കുക. ഇടുക്കി അണക്കെട്ട് രാവിലെ 11 ന് തുറക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
പമ്പഡാമിന്റെ രണ്ട് ഷട്ടറുകളാവും തുറക്കുക.നേരത്തെ തുറന്ന കക്കി ഡാം ഉൾപ്പെട്ട ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമാണ് പമ്പ ഡാമും. കക്കി ഡാമിന് മുകളിൽ 10 കിലോമീറ്റർ മാറിയാണ് പമ്പ ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നും ജലം ആദ്യം പമ്പ ത്രിവേണി ഭാഗത്താണ് വന്നുചേരുക. രാവിലെ അഞ്ചിന് ആദ്യഷട്ടറും അര മണിക്കൂറിനു ശേഷം രണ്ടാമത്തെ ഷട്ടറും തുറക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ അപ്പർകുട്ടനാട്ടിൽ അടക്കം ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
ഇടമലയാർ ഡാം രാവിലെ ആറിനാവും തുറക്കുക. രണ്ട് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം ഉയർത്തും. തൊട്ടുപിന്നാലെ ഇടുക്കി ഡാമും തുറക്കുന്നതിനാൽ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ക്യാമ്പുകളും വാഹനങ്ങളും അടക്കമുള്ളവഅധികൃതർ ഒരുക്കിയിട്ടുണ്ട്.
ഇടുക്കിയും ഇടമലയാറും ഒന്നിച്ച് തുറന്നതാണ് 2018 ൽ പെരിയാർ തീരത്തെ വെള്ളത്തിൽ മുക്കിയത്. ഇത്തവണ ആ സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഇടുക്കി തുറക്കുന്നതിനു മുമ്പ് ഇടമലയാർ തുറക്കാൻ തീരുമാനിച്ചത്. ഇടുക്കിയിലെ വെള്ളം ഭൂതത്താൻകെട്ടിൽ എത്തുന്നതിനു മുമ്പുതന്നെ ഇടമലയാറിലെ ജലനിരപ്പ് താഴ്ത്താനാണ് നീക്കം. അങ്ങനെയെങ്കിൽ ശക്തമായ മഴയുണ്ടായാലും ഇടമലയാറിലെ ഷട്ടറുകൾ താഴ്ത്താൻ കഴിയും.
ഡാമുകള് തുറക്കുമ്പോൾ പെരുയാറിന്റെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ സജീകരിച്ചു കഴിഞ്ഞു. കോവിഡ് രോഗികളെയും രോഗ ലക്ഷണങ്ങൾ ഉള്ളവരെയും കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും. അടുത്ത ദിവസങ്ങളിൽ ശക്തമായ വേലിയേറ്റം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഡാമിൽനിന്ന് തുറന്നുവിടുന്ന ജലം സുഗമമായി കടലിലേക്ക് ഒഴുകിയെത്തും. 2018 ൽ വേലിയേറ്റത്തിന്റെ ശക്തിമൂലം വെള്ളം കടലിലേക്ക് ഇറങ്ങാതിരുന്നതും വെള്ളപ്പൊക്കത്തിന്കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.
Read more -ഇടുക്കി അണക്കെട്ട് രാവിലെ 11 ന് തുറക്കും
Content Highlights:Pampa and Idamalayar dams to be opened tuesday