ആലപ്പുഴ: കക്കി ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിനെക്കാൾ കുട്ടനാട്ടിൽ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാൻ. രാത്രിയിൽ ജലനിരപ്പ് ഉയരും. ഇതിനുമുമ്പ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പാണ്ടനാട്ടും തിരുവൻവണ്ടൂരും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതുകൊണ്ടാണ് കക്കി അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലം രാവിലെയോടെ ചെങ്ങന്നുർ, കുട്ടനാട് മേഖലയിലെത്തുമെന്നും ഏകദേശം ഒന്നരയടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
തീരത്ത് താമസിക്കുന്ന മുഴുവൻജനങ്ങളെയും മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടിയുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യംനിലവിൽ ഇല്ലെന്നുംമന്ത്രിസജി ചെറിയാൻ പറഞ്ഞു.
കക്കി അണക്കെട്ട് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലായിരുന്നു ഇത്.രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വരെയാണ് തുറന്നത്. തീരപ്രദേശത്തെ 12 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കക്കി ഡാമിൽ നിന്നും ഒഴുക്കി വിടുന്ന അധികജലം പമ്പ തൃവേണിയിലാണ് ആദ്യം എത്തിച്ചേരുന്നത്. തുറന്ന സമയത്ത് 983.5 അടി ആയിരുന്നു ഡാമിൽ ജലനിരപ്പ്. പരമാവധി 986.33 അടിയാണ് ഡാമിന്റെ സംഭരണശേഷി.
കൃത്യമായ അവലോകനംനടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. അതിനിടെ, അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ മിക്കതും വെള്ളത്തിനടിയിലായി. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി താൽക്കാലികമായിനിർത്തിവച്ചിരുന്നു.
പമ്പയാർ കരകവിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിലായി. വെള്ളപ്പൊക്ക സാഹചര്യത്തിൽആളുകളോട് ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറാൻ നിർദേശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. വാഹനഗതാഗതവും തടസ്സപ്പെട്ടു. നെടുമ്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണു ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്.
Content Highlights:Water level will rise at night; Kuttanad needs more caution than Chengannur says Saji Cherian