തിരുവനന്തപുരം > മഴ ശക്തമായി തുടർന്നാൽഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇടുക്കിയും ഇടമലയാർ ഡാമും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ ഡാം തുറക്കാതെ മറ്റുവഴികളില്ല. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവ് വന്നതിനാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍ ഉയരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പ്രതികൂലമായാലാണ് ഡാം തുറക്കുക.
ഡാമിന്റെ പരമാവധി ജലനിരപ്പ് 2408 അടിയാണ്. അതിൽത്തന്നെ 2398 ആയാൽ ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം പറഞ്ഞത്.
ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത് – മുഖ്യമന്ത്രി പറഞ്ഞു.