അബുദാബി: ട്വന്റി 20 ലോകകപ്പ് തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകവും ഉത്തരവാദിത്വവുമുള്ള ടൂര്‍ണമെന്റ് ആണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ജീവിതകാലം മുഴുവനും പരിശിലകനായും സഹോദരനുമായി കാണുന്ന മഹേന്ദ്ര സിങ് ധോണിയുടെ അഭാവത്തില്‍ ഫിനിഷറിന്റെ പൂര്‍ണ ചുമതല തനിക്കാണെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ശാരീരിക ക്ഷമതയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളേയും പറ്റി താരം പ്രതികരിച്ചു. ഹാര്‍ദിക്കിന് ലോകകപ്പില്‍ ബോള്‍ ചെയ്യാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എം.എസ്. ധോണി വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ട്വന്റി 20 ലോകകപ്പാണിത്.
“ഇതുവരെയുള്ള ടൂര്‍ണമെന്റുകളില്‍ ഏറ്റവും നിര്‍ണായകമായ ഒന്നാണ്. ധോണിയുടെ അസാന്നിധ്യത്തില്‍ ഉത്തരവാദിത്വം കൂടുതലാണ്. ഇത് എന്നെ കൂടുതല്‍ ആവേശത്തിലാക്കുന്നു. മെന്ററായി എത്തുന്ന ധോണിക്ക് കരിയറിന്റെ തുടക്കം മുതല്‍ എന്നെ അറിയാം. ഞാന്‍ എത്തരത്തിലുള്ള വ്യക്തിയാണെന്നും എങ്ങനെയാണ് എന്റെ ശൈലിയെന്നും അദ്ദേഹത്തിന് വ്യക്തതയുണ്ട്,” പാണ്ഡ്യ പറഞ്ഞു.
ടിവി ഷോയ്ക്കിടെ ഉണ്ടായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിലക്ക് നേരിട്ടപ്പോള്‍ ധോണി നല്‍കിയ പിന്തുണയെക്കുറിച്ചും പാണ്ഡ്യ വിശദീകരിച്ചു. “ആ സംഭവങ്ങള്‍ എല്ലാം നടന്നപ്പോള്‍ എനിക്കൊരു പിന്തുണ ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് അദ്ദേഹം നല്‍കി. എന്റെ കരിയറില്‍ നിരവധി തവണ ധോണി രക്ഷകനായി എത്തിയിട്ടുണ്ട്. അദ്ദേഹം എന്റെ സഹോദരനാണ്,” പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
“എന്റെ മനസിലുള്ള ചിന്തകള്‍ മനസിലാക്കാന്‍ എനിക്ക് കഴിയാതെ വരുമ്പോഴും ധോണിയാണ് രക്ഷകനായി എത്തുന്നത്. ഞാന്‍ ധോണിയെ വിളിച്ച് പറയും എന്റെ മനസിലുള്ള കാര്യങ്ങള്‍. അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കും. എനിക്ക് വ്യക്തമായൊരു മറുപടി തരാന്‍ അദ്ദേഹത്തിന് എപ്പോഴും കഴിയാറുണ്ട്. പല തരത്തില്‍ എന്റെ ജീവിതത്തിലുടനീളം അദ്ദേഹത്തിന് പരിശീലകന്റെ റോളാണ്,” പാണ്ഡ്യ വ്യക്തമാക്കി.
Also Read: ജാതീയ പരാമര്‍ശം: യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
The post ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ അദ്ദേഹം രക്ഷകനായി എത്തി; മുന്‍താരത്തെക്കുറിച്ച് ഹാര്‍ദിക്ക് appeared first on Indian Express Malayalam.