തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും. നിലവിലെ ജലനിരപ്പ് 2396.96 അടിയാണ് നിലവിൽ അണക്കെട്ടിലുള്ള ജലനിരപ്പ്.
അഞ്ച് ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. അണക്കെട്ടിലേക്ക് ജലംവരുന്നതിനനുസൃതമായി വൈദ്യുതി ഉത്പാദനം നടക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇടുക്കി അണക്കെട്ടിലെ പൂർണ്ണ സംഭരണശേഷി 2403 അടിയാണ്. ഇടുക്കിയിൽ മഴ ശമിച്ചെങ്കിലും അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു വരുന്നുണ്ട്. കല്ലാർ ഡാം തുറന്നുവിട്ടിണ്ട്. ഇതിനിടെ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല അവലോകന യോഗം ചേരുന്നുണ്ട്. രാവിലെ പത്ത് മണിക്കാണ് യോഗം.
കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ പെയ്യുന്ന സാഹചര്യത്തിലാണ് തുറക്കാൻ തീരുമാനിച്ചത്. ഡാമിൽ നിലവിലെ ജലനിരപ്പ് 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി. മഴക്കെടുതി സംബന്ധിച്ചും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തും.വളരെ കൃത്യമായി അവലോകന നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നത്. ആശങ്കവേണ്ടെന്നും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.