ധാക്ക
ബംഗ്ലാദേശില്‍ ദുര്‍ഗാപൂജ ആഘോഷങ്ങൾക്കിടെ ഖുർആനെ നിന്ദിച്ചെന്ന വ്യാജവാർത്തയെ തുടര്ന്നുണ്ടായ സംഘര്ഷം വ്യാപിക്കുന്നു. ധാക്കയിൽനിന്ന് ഏകദേശം 157 കിലോമീറ്റർ അകലെയുള്ള ഫെനിയില് ആൾക്കൂട്ടം ഞായറാഴ്ച ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ കടകളും ആക്രമിച്ചു. സംഘര്ഷത്തില് ഫെനി മോഡൽ പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ-ചാർജ് നിസാമുദ്ദീൻ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റു. ഇവിടെനിന്ന് 40 കിലോമീറ്റർ അകലെ മുൻഷിഗഞ്ചിലെ സിറാജ്ദിഖാനിലെ ക്ഷേത്രത്തിലെ വിഗ്രഹങ്ങളും കലാപകാരികള് നശിപ്പിച്ചു. ശനിയാഴ്ച നൊവഖാലിയില് അഞ്ഞൂറോളംപേർ ഇസ്കോൺ ക്ഷേത്രത്തില് നടത്തിയ ആക്രമണത്തില് ഒരാള് കൊല്ലപ്പെട്ടിരുന്നു. സംഘര്ഷം തുടങ്ങിയ വെള്ളിയാഴ്ച പൊലീസ് നടത്തിയ വെടിവയ്പില് നാലുപേർ കൊല്ലപ്പെട്ടു.
ആക്രമണത്തില് പ്രതിഷേധിച്ച് ബംഗ്ലാദേശ് ഹിന്ദു, ബുദ്ധ, ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ 23 മുതൽ ഉപരോധവും നിരാഹാരസമരവും പ്രഖ്യാപിച്ചു. ആക്രമണങ്ങളിൽ ഉൾപ്പെട്ട നിരവധിയാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.