കൊച്ചി : സംഭവബഹുലമായ 1990-ലെ ലോകകപ്പ് പശ്ചാത്തലമാക്കി അജിത് പുല്ലേരി സംവിധാനം ചെയ്യുന്ന “കാമറൂൺ ” ഒരുങ്ങുന്നു. പി വി ഷാജികുമാറിൻ്റെ രചനയിൽ 1990 പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ്.
കാസർകോടിൻ്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിക്കുന്നത്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാധാന്യം. ഇൻഫിനിറ്റ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിയാസ് നിർമ്മിക്കുന്ന സിനിമയിലേക്ക് 15നും 22 നും ഇടയ്ക്ക് പ്രായമുള്ള യുവതി -യുവാക്കളിൽ നിന്നും പ്രതിഭകളെ തേടിക്കൊണ്ട് അണിയറ പ്രവർത്തകർ ഒരുക്കങ്ങൾ തുടങ്ങി.
പ്രശസ്ത നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും കലാപാരമ്പര്യത്തിൽ നിന്നും സിനിമയിലെത്തിയ അജിത് പുല്ലേരി, അപർണ്ണ ഗോപിനാഥിനെ നായികയാക്കി ഒരു നക്ഷത്രമുള്ള ആകാശം എന്ന ചിത്രത്തിൽ സുനീഷ് ബാബുവിനൊപ്പം സംവിധാന പങ്കാളിയായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. മലബാർ മൂവി മേക്കേഴ്സ് നിർമ്മിച്ച ചിത്രത്തിന് വാഷിംഗ്ടൺ ഡി സി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അംഗീകാരവും ലഭിച്ചിരുന്നു.