തൃശൂർ> കോവിഡ് കാലം മറയാക്കി മോഡി സർക്കാർ രാജ്യത്തിന്റെ പൊതുസമ്പത്ത് കോർപറേറ്റുകൾക്ക് വിറ്റു തുലയ്ക്കുകയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ . ഇനി വിൽക്കാനുള്ളത് ഇന്ത്യൻ ജനതയെ മാത്രമാണ്. തൊഴിലാളികളും കർഷകരും വിയർപ്പൊഴുക്കിയുണ്ടാക്കിയ രാജ്യസമ്പത്താണ് തകർക്കുന്നത്. ഇതിനെതിരായി മഹാപ്രക്ഷോഭം ഉയരും. കേരള കോ–- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപറേറ്റുകളാണ് മോഡി സർക്കാരിനെ സൃഷ്ടിച്ചത്. ഇവർക്ക് അനുകൂലമായ നടപടികളാണ് സ്വീകരിക്കുന്നത്. ബാങ്ക്, ഇൻഷുറൻസ്, ടെലികമ്യുണിക്കേഷൻ തുടങ്ങിയ മേഖലകളെല്ലാം സ്വകാര്യവൽക്കരിക്കുകയാണ്. ഇന്ത്യൻ ബാങ്കുകളിലെ 66 കോടി എക്കൗണ്ടുകളിൽ മഹാഭൂരിഭാഗവും സാധാരണക്കാരുടേതാണ്. എന്നാൽ വായ്പയെല്ലാം കോർപറേറ്റുകൾക്ക് നൽകുന്നു. ഇവർ വായ്പ തിരിച്ചടക്കാതെ പ്രതിസന്ധിയിലാകുന്ന ബാങ്കുകൾക്ക് സർക്കാർ ഖജനാവിലെ പണം കൈമാറുന്നു. ഇതും സാധാരണക്കാരന്റെ നികുതിപ്പണമാണ്. ഒരു മാസത്തിനകം പെട്രോളിന് ആറ് രൂപ വർധിച്ചു. മോഡി അധികാരത്തിൽ വരുമ്പോൾ പാചകവാതക വില സിലിണ്ടറിന് 350 രൂപയായിരുന്നു. ഇപ്പോൾ 940 ആയി.
കർഷക ഉൽപ്പന്നങ്ങൾക്ക് മാന്യമായ വില ലഭിച്ചിരുന്ന മണ്ഡി സമ്പ്രദായം മാറ്റി സംഭരണവും വിപണനവും കോർപറേറ്റുകൾക്ക് കൈമാറുകയാണ്. ഇതിനെതിരായി 11 മാസമായി കർഷകർ സമരത്തിലാണ്. എന്നാൽ മോദിക്ക് അനക്കമില്ല. ലേബർ കോഡ് ഏർപ്പെടുത്തി എട്ടുമണിക്കൂർ ജോലി എന്നത് 12 മണിക്കൂറും 16 മണിക്കുറുമാക്കി.
കേരളത്തിന്റെ സമ്പത്തായ സഹകരണമേഖലയേയും തകർക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്. നോട്ട് നിരോധനസമയത്ത് സഹകരണബാങ്കുകളിൽ കള്ളപ്പണമെന്ന പ്രചാരം നടത്തി നിക്ഷേപകരിൽ ഭീതി സൃഷ്ടിച്ചു. പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യം മൂലം ഇത് ചെറുക്കാനായി. ശത്രുക്കൾക്ക് സഹായകമാവും വിധമുള്ള പ്രവൃത്തികൾ സഹകരണ ജീവനക്കാരിൽനിന്ന് ഉണ്ടായിക്കൂട. ജനങ്ങളുടെ സ്ഥാപനമായ സഹകരണമേഖലയെ സംരക്ഷിക്കാൻ ജീവനക്കാർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെസിഇയു സംസ്ഥാന പ്രസിഡന്റ് പി എം വാഹിദ അധ്യക്ഷയായി.