തിരുവനന്തപുരം: പ്രളയസമാന സാഹചര്യം നിലനിൽക്കുന്ന കേരളത്തിലെ സ്ഥിതി വിലയിരുത്തി വരികയാണെന്ന് കേന്ദ്രം. ഇതിൽ നിന്ന് സംസ്ഥാനത്തിന് കരകയറാൻ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
കേരളത്തിലെ ശക്തമായ മഴയും പ്രളയവും നിരന്തരം നിരീക്ഷിച്ചു വരികയാണ്. ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ, കേന്ദ്രത്തിന് ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകും. എൻഡിആർഎഫ് സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി നേരത്തെ തന്നെ അയച്ചിട്ടുണ്ട്. എല്ലാവരുടേയും സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അദ്ദേഹം ട്വീറ്റ് ചെയ്തു.
We are continuously monitoring the situation in parts of Kerala in the wake of heavy rainfall and flooding. The central govt will provide all possible support to help people in need. NDRF teams have already been sent to assist the rescue operations. Praying for everyone’s safety.
— Amit Shah (@AmitShah) October 17, 2021
നിലവിൽ എൻഡിആർഎഫിന്റെ 11 സംഘത്തെയാണ് സംസ്ഥാനത്ത്രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്.
ദുരന്തത്തിനിരയായവരുടെകുടുംബങ്ങൾക്ക് കേരള സർക്കാർ 4 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ 4 ലക്ഷം രൂപ നൽകുമെന്നാണ് റവന്യു മന്ത്രി കെ രാജൻ പ്രഖ്യാപിച്ചത്. കാലതാമസം കൂടാതെ തന്നെ തുക വിതരണം ചെയ്യാൻ നിർദ്ദേശിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾക്കൂടി കണ്ടെടുത്തതോടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 19 ആയി ഉയർന്നു.
ഉരുൾപൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽനിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. പകൽ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കി. മണ്ണിൽ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. എന്നാൽ ഉച്ചകഴിഞ്ഞതോടെ മഴയ്ക്കുള്ള ലക്ഷണങ്ങളാണ് പ്രദേശത്തുള്ളത്.
Content Highlights: Kerala rains: Amit Shah assures all possible help