ഇടുക്കി/കോട്ടയം > കനത്തമഴയിലും ഉരുള്പൊട്ടലിലും മലയോര മേഖലകളില് കാണാതായവരുടെ കൂടുതല് മൃതദേഹങ്ങള് കണ്ടെത്തി. ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്പൊട്ടലില് കാണാതായ മൂന്നു കൂട്ടികളുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. ഇവിടെ അപകടത്തില്പെട്ടവരില് ഏറെയും കുട്ടികളാണെന്നാണ് റിപ്പോര്ട്ട്. കൊക്കയാറിലെ ഉരുള്പൊട്ടലില് ഏഴ് വീടുകള് പൂര്ണ്ണമായും തകര്ന്നിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കൂട്ടിക്കലില് മാത്രം പതിനൊന്നുപേര് മരിച്ചതായാണ് റിപ്പോര്ട്ട്. കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇന്ന് എട്ടുപേരുടൈ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില് ഒരു കുടുംബത്തിലെ ആറുപേര് ഉള്പ്പെടുന്നു. മണ്ണില് പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങള് കണ്ടെത്താനായത്.
കൂട്ടിക്കലും കൊക്കയാറും തമ്മില് ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. കോട്ടയം-ഇടുക്കി ജില്ലകളെ വേര്തിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുള്പൊട്ടലുണ്ടായിരിക്കുന്നത്.