വ്യാജ ഫേസ്ബുക്ക് പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. “ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറിൽ നിന്നാണ് 0096565935907 എൻ്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്സപ്പിൽ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാൾ വലിയ ഹൃദയശൂന്യൻ മറ്റാരുണ്ട്? ” – എന്നും അദ്ദേഹം പറഞ്ഞു.
അല്ലാഹുവിൻ്റെ അദാബിന് കാലതാമസമില്ലെന്നായിരുന്നു വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. സ്ക്രീൻ ഷോട്ട് രൂപത്തിലുള്ള പോസ്റ്റാണ് പുറത്തുവന്നത്. “പാലായിൽ പെയ്തിറങ്ങിയ ദുരിതം ക്ഷണിച്ച് വരുത്തിയതാണ്. ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുമ്പോൾ ഏത് തമ്പുരാനായാലും ഓർക്കണം അവർക്ക് പിന്നിലൊരു ശക്തിയുണ്ട്. മുസൽമാൻ്റെ ആയുധം പ്രാർഥനയാണ് ആ പ്രാർഥന നാഥൻ സ്വീകരിച്ചു… ഈ ദുരന്തത്തിലൂടെ ഒരു ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവർക്ക്. ഇനി ഇത് പ്രളയജിഹദ് എന്ന് മാത്രം പറയരുത്” – എന്നായിരുന്നു കെ ടി ജലീൻ്റെ പേരിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ്.
ജലീലിൻ്റെ ഫേസ്ബുക്ക് പേജിൽ നൽകിയിരുന്ന പ്രൊഫൈൽ ചിത്രം തന്നെയാണ് വ്യാജ ഫേസ്ബുക്ക് പേജിലും നൽകിയിരിക്കുന്നത്. ഫേസ്ബുക്ക് പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജലീൽ വ്യക്തമാക്കിയെങ്കിലും പരാതി നൽകിയോ എന്ന കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല. ക്രിസ്ത്യൻ യുവതി – യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന വിവാദമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ ടി ജലീലിൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്.