തിരുവനന്തപുരം: റോഡ് നിർമാണക്കരാറിലെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയത് സി.എ.ജി. റിപ്പോർട്ടിലെ പരാമർശത്തെത്തുടർന്ന്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയിലൂടെ കോടികളുടെ അധികപണം സർക്കാരിന് നൽകേണ്ടിവരുന്നുവെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ. റോഡുനിർമാണത്തിനുള്ള ബിറ്റുമിൻ വാങ്ങിയതിന് ഓരോ ബില്ല് ഹാജരാക്കി അഞ്ചുതവണവരെ കരാറുകാർ പണം വാങ്ങിയിട്ടുണ്ടെന്നും സി.എ.ജി. ചൂണ്ടിക്കാട്ടുന്നു.
വകുപ്പിനുകീഴിലെ നിർമാണങ്ങൾക്ക് ഭാരത് പെട്രോളിയം കോർപ്പറേഷനിൽനിന്ന് ബിറ്റുമിൻ വാങ്ങണമെന്നാണ് ചീഫ് എൻജിനിയറുടെ നിർദേശം. ഈ വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താറുണ്ട്. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറാണ് ബി.പി.സി.എല്ലിന് ഓർഡർ നൽകുക. ഇതനുസരിച്ച് പണം നൽകി കരാറുകാരന് ബിറ്റുമിൻ വാങ്ങാം. എക്സിക്യുട്ടീവ് എൻജിനിയറുടെ പേരിലാണ് ഇൻവോയിസ് ബി.പി.സി.എൽ. നൽകുക.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിർദേശമനുസരിച്ച് കരാറുകാരന് പണം നൽകുമ്പോൾ ഒറിജിനൽ ഇൻവോയിസ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഈ ഭാഗം പൊതുമരാമത്ത് നൽകുന്ന പലറോഡുകളുടെയും കരാറിൽ ഉൾപ്പെടുത്താറില്ലെന്നാണ് സി.എ.ജി. കണ്ടെത്തൽ. ഇത് ഒത്തുകളിയുടെ ഭാഗമാണെന്ന് വെട്ടിപ്പുകൾ ചൂണ്ടിക്കാട്ടി സി.എ.ജി. നിരീക്ഷിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഏഴ് റോഡ് ഡിവിഷനുകൾക്ക് കീഴിൽ നടന്ന 1762 കോടിരൂപയുടെ 442 പണികളാണ് സി.എ.ജി. പരിശോധിച്ചത്. ഇതിൽ കണ്ണൂർ ഡിവിഷനിലെ ഒരുകരാറുകാരൻ ബിറ്റുമിൻ വാങ്ങിയവകയിൽ 31 ഇൻവോയിസുകളാണ് നൽകിയത്. ഇതേ കരാറുകാരൻ വയനാട് ഡിവിഷനിൽ ഏറ്റെടുത്ത കരാറിന്, കണ്ണൂരിൽ നൽകിയ നാല് ഇൻവോയിസുകളുടെ പകർപ്പും ഹാജരാക്കി. ഇതിലൂടെ 18.43 ലക്ഷം രൂപ അധികമായി നേടിയതായി സി.എ.ജി. റിപ്പോർട്ടിലുണ്ട്. കരാറുകാരൻ അധികപണം കൈപ്പറ്റിയതിന് പുറമേ ബിറ്റുമിനിൽ 59.79 മെട്രിക് ടൺ കുറച്ച് ഉപയോഗിച്ചെന്നതും ഗൗരവമുള്ളതാണെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. മൂന്നുറോഡുകളുടെ നിർമാണത്തിൽ അഞ്ചുതവണവരെ ഒരേ ഇൻവോയിസ് ഉപയോഗിച്ച് 12.22 ലക്ഷം തട്ടിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥ-കരാറുകാർ ബന്ധത്തിൽ തട്ടിയെടുക്കുന്ന കോടികളെക്കുറിച്ച് ബോധ്യമായതോടെയാണ് മുഹമ്മദ് റിയാസ് ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചത്. കരാറുകാർക്ക് പണം നൽകാൻ ബിറ്റുമിൻ വാങ്ങിയതിന്റെ യഥാർഥ ഇൻവോയിസ് നിർബന്ധമാക്കിയതായി പൊതുമരാമത്ത് വകുപ്പ് സി.എ.ജി.യെ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ ബിറ്റുമിൻ പൊതുമരാമത്തിന്റെ മറ്റൊരുഡിവിഷനിലേക്ക് കൊണ്ടുപോകാൻ കരാറുകാർക്ക് ചീഫ് എൻജിനിയറുടെ അനുമതിപത്രവും വേണം. ബിറ്റുമിൻ വാങ്ങിയതിന് സർക്കാരിൽനിന്ന് പണം ഈടാക്കിയിട്ടില്ലെന്ന സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഈ രണ്ടുനടപടികളും വകുപ്പുതലത്തിൽ സ്വീകരിച്ചതിന് പുറമേയാണ് ജനപ്രതിനിധികളും ഇക്കാര്യത്തിൽ ജാഗ്രതപാലിക്കണമെന്ന ആവശ്യം റിയാസ് മുന്നോട്ടുവെച്ചത്.
മുഹമ്മദ് റിയാസിനെ പിന്തുണച്ച് ജി. സുധാകരൻ
ആലപ്പുഴ: എം.എൽ.എ.മാർ കരാറുകാരുമായി മന്ത്രിയെക്കാണാൻ പോകേണ്ടകാര്യമില്ലെന്നു മുൻ പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ. ഇക്കാര്യത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞതിൽ ഒരുതെറ്റുമില്ല. മുൻസർക്കാറിന്റെ കാലത്തും ഇതേ നിലപാടായിരുന്നു. ഇടതുപക്ഷ സമീപനമാണത്- അദ്ദേഹം മാതൃഭൂമിയോടു പറഞ്ഞു.
എം.എൽ.എ. മാർക്കും കരാറുകാർക്കും മന്ത്രിയെ കാണാം. പക്ഷേ, അവർ ഒരുമിച്ചുവരുന്നതു ശരിയല്ല. നിയമമനുസരിച്ച് കരാറുകാരന്റേത് ഉന്നതമായ പദവിയാണ്. അവരതു മനസിലാക്കുകയാണു വേണ്ടത്. സർക്കാരുമായാണ് അവർ കരാർ വെക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ പി.ഡബ്ല്യൂ.ഡി. മാന്വലനുസരിച്ച് സർക്കാരിനു പിഴയീടാക്കാൻ കഴിയും. ആലപ്പുഴയിൽ വിവിധ പാലങ്ങളുടെ പണിയിൽ വീഴ്ചവരുത്തിയ കരാറുകാരനിൽനിന്നു താൻ അഞ്ചുകോടിരൂപ പിഴയീടാക്കിയിരുന്നു. പുതിയ ടെൻഡർ വിളിച്ച് ആളെ മാറ്റുകയും ചെയ്തു. വലിയ പദ്ധതികൾ വരുമ്പോൾ യോഗം വിളിക്കുകയാണു പതിവ്. അതിൽ കരാറുകാർക്കും അവരുടെ പ്രശ്നങ്ങൾ പറയാം. ശരിയായ വിഷയമാണെങ്കിൽ പരിഹരിക്കും. ആലപ്പുഴ ബൈപ്പാസിനായി 63 യോഗങ്ങൾ വിളിച്ചിരുന്നു.
രാജ്യത്ത് ചില ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നു ദേശീയതലത്തിൽ നിയോഗിച്ച കമ്മിഷൻ കണ്ടെത്തിയിരുന്നു. തന്റെകാലത്ത് ഈ കൂട്ടുകെട്ടു തകർത്തിരുന്നു. എന്റെ മുൻപിൽ കരാറുകാരനുമായി ഒരു എം.എൽ.എ.യും വന്നിട്ടില്ല. റിയാസ് പറഞ്ഞതിനെ ആരും വ്യക്തിപരമായി കാണേണ്ടതില്ല. അഴിമതിയുണ്ടാകാതിരിക്കാനുള്ള ഇടതുനിലപാടാണത് അദ്ദേഹം പറഞ്ഞു.
Content Highlights:Riyas against MLA-contractor ties; G Sudhakaran supports minister