സംസ്ഥാനത്ത് മഴ അപ്രതീക്ഷിതമായി ശക്തി പ്രാപിച്ചതോടെ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ വലിയ തോതിലാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പുള്ളത്. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി വിഹിതം കൽക്കരിക്ഷാമം മൂലം കുറഞ്ഞത് സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇലക്ട്രിസിറ്റി വകുപ്പ് അറിയിച്ചത്.
മഴ വ്യാപകമായതോടെ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തകറാറിലായതിനാൽ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മധ്യ കേരളത്തിലാകെ വൈദ്യുതി വിതരണം തകരാറിലായി. പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി എന്നിവടങ്ങളിലെ എല്ലാ 11 കെവി ഫീഡറുകൾ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്ന നിലയിലാണുള്ളത്. മുണ്ടക്കയം ടൗണിലെ സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാലാ ഡിവിഷൻ്റെ കീഴിലും വലിയ നാശനഷ്ടമാണ് സംഭവിച്ചത്. വെള്ളം ഉയർന്ന നിലയിലുണ്ടായിരുന്ന ഈരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെവി ഫീഡറുകളും ഓഫ് ചെയ്തു. മണിമലയിൽ മാത്രം 60 ട്രാൻസ്ഫോർമറുകൾ കെഎസ്ഇബി ഓഫാക്കി.
രാജ്യത്ത് കൽക്കരി ക്ഷാമത്തെ തുടർന്ന് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി വിഹിതം കുറഞ്ഞത് സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറഞ്ഞ നിലയിലാണ്. വൈദ്യുതി പ്രതിസന്ധി 31വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ഉൾപ്പെടെയുള്ള ജലവൈദ്യുത നിലയങ്ങൾ മുഴുവൻ സമയവും പ്രവർത്തിച്ച രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്നും ഇത് വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് നയിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. രാജ്യത്ത് ആവശ്യത്തിനുള്ള കൽക്കരി ബാക്കിയുണ്ടെന്നു കേന്ദ്ര ഊര്‍ജമന്ത്രിയും പ്രതികരിച്ചിരുന്നു.
കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് പദ്ധതിയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും ലോഡ്ഷെഡ്ഡിങിനോ പവര്‍കട്ടിനോ പദ്ധതിയില്ലെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര പൂളിൽ നിന്നുള്ള കുറവു മലം പ്രതിദിനം സംസ്ഥാനത്ത് 100 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുന്നത്. ഇതുവഴി രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളത്തിനു പുറത്തുള്ള 27 താപവൈദ്യുത നിലയങ്ങളിൽ നിന്നാണ് കേരളത്തിന് വൈദ്യുതി ലഭിക്കുന്നത്. ഇതിലെ മൂന്ന് കേന്ദ്രങ്ങളിലാണ് നിലവിൽ വൈദ്യുതി വിതരണത്തിൽ പ്രതിസന്ധിയുള്ളത്. കേരളത്തിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന പ്രധാന നിലയങ്ങള്‍ക്ക സ്വന്തമായി കൽക്കരി ഖനികളുണ്ടെന്നും അവയെ കൽക്കരിക്ഷാമം ബാധിച്ചിട്ടില്ലെന്നും കെഎസ്ഇബി ചെയര്‍മാൻ ഡോ. ബി അശോക് പറഞ്ഞിരുന്നു.