ന്യൂഡൽഹി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ രാഹുൽ ദ്രാവിഡ് രംഗത്ത്. ട്വന്റി–-20 ലോകകപ്പിനുശേഷം ദ്രാവിഡ് സ്ഥാനമേൽക്കും. രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനെ തേടിയത്. ഔദ്യോഗികതീരുമാനം പിന്നീടുണ്ടാകും.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനായ ദ്രാവിഡ് ബിസിസിഐയുടെ പട്ടികയിൽ ആദ്യംതന്നെയുണ്ടായിരുന്നു. എന്നാൽ, തുടക്കത്തിൽ ദ്രാവിഡ് വിസമ്മതിച്ചു. ബിസിസിഐ തലവൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊടുവിൽ സമ്മതം മൂളി. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ് കർണാടകക്കാരൻ. 2019 മുതൽ അക്കാദമി തലപ്പത്താണ്. ഇന്ത്യൻ അണ്ടർ 19, എ ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലും പരിശീലകനായി. രണ്ടാംനിര ടീമായിരുന്നു അന്ന് പര്യടനത്തിൽ.ദ്രാവിഡ് സമ്മതം മൂളിയതോടെ ബിസിസിഐ മറ്റുള്ളവരെ പരിഗണിക്കില്ല. ബോർഡ് ഔദ്യോഗികമായി പരിശീലകനുള്ള അപേക്ഷ വിളിച്ചിട്ടില്ല. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് പരിശീലകരുടെയും കാലാവധി അവസാനിച്ചു. ബൗളിങ് പരിശീലകനായി പരസ് മാംബ്രെയെയാണ് പരിഗണിക്കുന്നത്. ദ്രാവിഡിന്റെ പരിശീലകസംഘത്തിലും ക്രിക്കറ്റ് അക്കാദമിയിലും മാംബ്രെ ഏറെ കാലമുണ്ടായിരുന്നു. ഭരത് അരുണാണ് നിലവിൽ ബൗളിങ് പരിശീലകൻ.
രണ്ടുവർഷത്തേക്കായിരിക്കും ദ്രാവിഡിന്റെ നിയമനം. നവംബർ അവസാനം ന്യൂസിലൻഡുമായി നടക്കുന്ന പരമ്പരയിൽ ചുമതലയേൽക്കും.