ലണ്ടൻ
റോബർട്ടോ ഫിർമിനോയുടെ മിന്നുന്ന ഹാട്രിക്കിൽ ലിവർപൂളിന് വമ്പൻ ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിനെ അഞ്ച് ഗോളിന് തകർത്ത് ലിവർപൂൾ ഒന്നാമതെത്തി. തകർപ്പൻ ഗോളുമായി മുഹമ്മദ് സലായും തിളങ്ങി. ഒരെണ്ണം സാദിയോ മാനെ നേടി. വാറ്റ്ഫോർഡിന്റെ പരിശീലകനായുള്ള ക്ലോഡിയോ റനിയേരിയുടെ തുടക്കം കയ്പേറിയതായി.
മാനെയിലൂടെ ലിവർപൂൾ തുടങ്ങി. പ്രീമിയർ ലീഗിൽ 100 ഗോൾ തികയ്ക്കുന്ന മൂന്നാമത്തെ ആഫ്രിക്കൻ താരമെന്ന റെക്കോഡും മാനെ സ്വന്തമാക്കി. ഇതിനിടെ സലായുടെ സുന്ദരഗോളും കണ്ടു. വാറ്റ്ഫോർഡ് പ്രതിരോധനിരയെ നിലംപരിശാക്കിയാണ് ഫിർമിനോ ഹാട്രിക് പൂർത്തിയാക്കിയത്.
മാഞ്ചസ്റ്റർ യുണെെറ്റഡിനെ ലെസ്റ്റർ സിറ്റി 4–2ന് കീഴടക്കി. മാസൺ ഗ്രീൻവുഡിലൂടെ യുണെെറ്റഡാണ് മുന്നിലെത്തിയത്. യൂറി ടിയലെമൻസും സൊയുങ്കുവും ലെസ്റ്ററിന് ലീഡ് നൽകി. പകരക്കാരനായെത്തിയ മാർകസ് റാഷ്-ഫഡ് യുണെെറ്റഡിനെ ഒപ്പമെത്തിച്ചെങ്കിലും ജാമി വാർഡി ലെസ്റ്ററിന് വീണ്ടും ലീഡൊരുക്കി. ഡാക്ക ലെസ്റ്ററിന്റെ വിജയമുപ്പറിച്ചു. യുണെെറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിളങ്ങാനായില്ല.
മാഞ്ചസ്റ്റർ സിറ്റി 2–0ന് ബേൺലിയെ തകർത്തു. ബെർണാഡോ സിൽവയും കെവിൻ ഡി ബ്രയ്നും ഗോളടിച്ചു. പോയിന്റ് പട്ടികയിൽ സിറ്റി രണ്ടാമതാണ്. യുണെെറ്റഡ് അഞ്ചാമതും. ലെസ്റ്റർ പതിനൊന്നാം സ്ഥാനത്താണ്.