പൂഞ്ഞാർ
പൂഞ്ഞാർ–- ഏറ്റുമാനൂർ സംസ്ഥാന പാതയിൽ യാത്രക്കാരുമായെത്തിയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി. പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്ത് മീനച്ചിലാറ്റിൽനിന്നുള്ള വെള്ളംകയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു.
മുണ്ടക്കയം ഭാഗത്തുനിന്ന് യാത്രക്കാരുമായി വന്ന ബസ് വെള്ളത്തിലൂടെ മുന്നോട്ട് എടുക്കുന്നതിനിടെ നിന്നുപോയി. വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ബസിന്റെ സീറ്റിനൊപ്പം വെള്ളം പൊങ്ങി. ഇതോടെ ഡ്രൈവർ സീറ്റിലൂടെ നാട്ടുകാരുടെ നേതൃത്വത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബസ് കെട്ടിവലിച്ച് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ മുറ്റത്ത് എത്തിച്ചു. രാത്രിയോടെ മഴ കുറഞ്ഞതിനാൽ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നെത്തിയ മറ്റൊരു ബസ് ഉപയോഗിച്ച് കെട്ടിവലിച്ച് ഡിപ്പോയിലെത്തിച്ചു.
കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
അപകടകരമായ നിലയിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർക്ക് സസ്പെൻഷൻ. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്പെൻഡുചെയ്തത്.
ശക്തമായ മഴയിൽ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനാണ് നടപടി. ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശംനൽകിയിരുന്നു.