ന്യൂയോർക്ക്
അമേരിക്ക യുഎൻ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) തിരിച്ചെത്തി. ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് കൗൺസിലില്‍നിന്ന് യുഎസ് പിന്മാറിയിരുന്നു. മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ അച്ഛനമ്മമാരിൽനിന്നും വേർപെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ അടക്കം കൗൺസിൽ വിമർശിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഇസ്രയേലിനെതിരെ കൗൺസിൽ പക്ഷപാതപരമായ നിലപാട് എടുക്കുന്നുവെന്നാണ് പിന്മാറ്റത്തിനു കാരണമായി പറഞ്ഞത്.
2006ല്‍ ആരംഭിച്ച കൗൺസിലിൽനിന്ന് പിന്മാറുന്ന ആദ്യ രാജ്യമായിരുന്നു അമേരിക്ക. വ്യാഴാഴ്ചയാണ് 193 അംഗ യുഎൻ പൊതുസഭ മനുഷ്യാവകാശ കൗൺസിലിലേക്ക് 18 അംഗങ്ങളെ തെരഞ്ഞെടുത്തത്. 2022 ജനുവരിമുതൽ മൂന്നു വര്‍ഷമാണ് കാലാവധി. അമേരിക്ക 168 വോട്ട് നേടി. കുറഞ്ഞത് 97 രാജ്യത്തിന്റെ പിന്തുണയാണ് വേണ്ടത്.
ഇന്ത്യ വീണ്ടും കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 184 വോട്ടാണ് കിട്ടിയത്. ബെനിനാണ് ഏറ്റവും കൂടുതൽ വോട്ട്(189) കിട്ടിയത്.