കോട്ടയം, ഇടുക്കി
അതിതീവ്ര മഴയിൽ കോട്ടയം, ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും അഞ്ച് മരണം. 18 പേരെ കാണാതായി. കാഞ്ഞിരപ്പള്ളി കൂട്ടിക്കലിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. ഒരു വീട്ടിലെ മൂന്നുപേർ മരിച്ചു. 10 പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇടുക്കി കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ എട്ട്പേരെ കാണാതായി. രണ്ട് വീട് മണ്ണിനടിയിലാണ്. മൂലമറ്റത്തിനടുത്ത് കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാൽ പുത്തൻപുരയിൽ നിമ കെ വിജയൻ(28) എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം ആയുർവേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും. ശനി ഉച്ചയോടെ മൂന്നിങ്കവയലിലായിരുന്നു അപകടം.
കൂട്ടിക്കൽ മൂന്നാം വാർഡിൽ പ്ലാപ്പള്ളിയിലും കാവാലിയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കാവാലി പള്ളിക്കുസമീപം ഒട്ടലാങ്കൽ മാർട്ടിന്റെ വീട് പൂർണമായി ഒലിച്ചുപോയി. വീട്ടിലുണ്ടായിരുന്ന ക്ലാരമ്മ ജോസഫ്(അച്ചാമ്മ –- 65), മകൻ മാർട്ടിന്റെ ഭാര്യ സിനി (37), മാർട്ടിന്റെ മകൾ സോന (11) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. മാർട്ടിൻ (48), മക്കളായ സ്നേഹ (13), സാന്ദ്ര (ഒമ്പത്) എന്നിവരെ കണ്ടെത്തിയിട്ടില്ല. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മൂന്നു മൃതദേഹം കണ്ടെത്തി. മാർട്ടിന്റെ കുടുംബാംഗങ്ങളെ കൂടാതെ നാലുപേർകൂടി ഒഴുകിപ്പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് മൂന്ന് വീട് ഒലിച്ചുപോയി. ഈ വീടുകളിലുള്ള നാലുപേരെയും കാണാതായി. രണ്ട് യുവാക്കൾ മരക്കൊമ്പിൽ പിടിച്ച് രക്ഷപ്പെട്ടു. രാത്രിയിലും അപകടസ്ഥലത്ത് പുറമെനിന്നുള്ള ആർക്കും എത്താനായില്ല.
കൂട്ടിക്കലിൽ പുലർച്ചെമുതൽ മഴയുണ്ടായിരുന്നു. പത്തരയോടെയാണ് ഉരുൾപൊട്ടൽവിവരം പുറംലോകം അറിയുന്നത്. ഈ സമയം കൂട്ടിക്കൽ ടൗണും ഉരുൾപൊട്ടൽ മേഖലകളും പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒറ്റപ്പെട്ടിരുന്നു. ഇവിടെ ഒരു റിസോർട്ടും മണ്ണിനടിയിലായി. ഇടുക്കി –- കോട്ടയം ജില്ലകളുടെ അതിർത്തി പഞ്ചായത്തിലേക്കുള്ള വഴികളിൽ വെള്ളവും കല്ലുംമണ്ണും നിറഞ്ഞ് ഗതാഗതം സ്തംഭിച്ചു. പൊലീസിനും ഫയർഫോഴ്സിനും മറ്റ് രക്ഷാപ്രവർത്തകർക്കും അപകടസ്ഥലത്തേക്ക് എത്താനായില്ല. 35 പേരുടെ കരസേന സംഘം രാത്രിയിൽ സ്ഥലത്തെത്തി. ദേശീയ ദുരന്തനിവാരണ സേനയും എത്തി. മന്ത്രി വി എൻ വാസവൻ മുണ്ടക്കയത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വാഗമൺ, മുണ്ടക്കയം, ഇളങ്കാട്, കൈപ്പള്ളി, തീക്കോയി, പ്ലാപ്പള്ളി, ഏന്തയാർ, പുല്ലുപാറ തുടങ്ങിയ പ്രദേശങ്ങളിലും ഉരുൾപൊട്ടി. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ കെഎസ്ആർടിസി ബസ് പകുതിമുങ്ങി. യാത്രക്കാരെ രക്ഷപ്പെടുത്തി. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞ് ഒഴുകുകയാണ്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ മലയോര റോഡുകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും വെള്ളംനിറഞ്ഞു.
വീണ്ടും മഴദുരന്തം ; അതിതീവ്രം
അതിതീവ്രമഴയെ തുടർന്ന് തെക്ക്–-മധ്യ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും. കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടം കൂടുതൽ. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും വൻനാശനഷ്ടങ്ങളാണ്. വെള്ളയാഴ്ച രാത്രിയിൽ തുടങ്ങിയ മഴ തുടരുകയാണ്.
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ജാർഖണ്ഡ് സ്വദേശിയെ കാണാതായി. നിരവധി വീട് തകർന്നു. ഏഴുമുതൽ ശനിവരെ 19,500 ഹെക്ടർ കൃഷി നശിച്ചെന്ന് പ്രാഥമിക കണക്ക്. 163 കോടിയുടെ നഷ്ടം. നൂറുകണക്കിനു വൈദ്യുത പോസ്റ്റ് ഒടിഞ്ഞു. ലൈനുകൾ തകരാറിലായി. പലറോഡുകളും മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാർ, മണിമലയാർ ഉൾപ്പെടെ നദികൾ കരകവിഞ്ഞൊഴുകുന്നു. കാഞ്ഞിരപ്പിള്ളി, റാന്നിയുൾപ്പെടെ പല നഗരങ്ങളിലും വെള്ളം കയറി. വടക്കൻജില്ലകളിലും മഴ രൂക്ഷമായി. കോഴിക്കോട് മലയോരമേഖലയിൽ പലയിടത്തും വെള്ളം കയറി. കെഎസ്ആർടിസി ബസിനു മുകളിലേക്ക് തെങ്ങ് വീണു.
7 ജില്ലയിൽ മഴ ശക്തമാകും
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായർ ശക്തമായ മഴയ്ക്ക് സാധ്യത. ഇവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 20ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകൾക്കും സമാന മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർവരെ മഴ പെയ്യാം. കഴിഞ്ഞ ദിവസം വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ സ്ഥിതി തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശം, നദീതീരം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശം തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ, -മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുണ്ടായ മേഖലകളിൽ പ്രത്യേക ശ്രദ്ധപുലർത്തണം. തദ്ദേശസ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും ആവശ്യമായ നടപടി സ്വീകരിക്കണം.
നേരിടാൻ സജ്ജം: മന്ത്രി കെ രാജൻ
ഏതു ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശസ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. 2018ലെ പ്രളയദുരന്തത്തിന്റെ പാഠം ഉൾക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ നേരിടാൻ എല്ലാ തയ്യാറെടുപ്പും സർക്കാർ പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.