പാരിസ്
ഫ്രഞ്ച് ലീഗിൽ പിഎസ്ജി വീണ്ടും വിജയവഴിയിൽ. കിലിയൻ എംബാപ്പെയുടെ പെനൽറ്റിയിൽ ഏഞ്ചേഴ്സിനെ 2–-1ന് കീഴടക്കി പിഎസ്ജി ലീഡുയർത്തി. പിന്നിട്ടുനിന്നശേഷമായിരുന്നു പിഎസ്ജിയുടെ തിരിച്ചുവരവ്.
അവസാനമത്സരത്തിൽ റെന്നെസിനോട് തോറ്റ പിഎസ്ജി ഇക്കുറി ലയണൽ മെസി, നെയ്മർ, ഏയ്ഞ്ചൽ ഡി മരിയ, മാർക്വിന്യോസ്, ലിയാൻഡ്രോ പരദെസ് എന്നിവരില്ലാതെയാണ് ഇറങ്ങിയത്. രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾക്കുശേഷം ഈ ലാറ്റിനമേരിക്കൻ താരങ്ങൾ വിശ്രമത്തിലായിരുന്നു. പിഎസ്ജിക്ക് മോശം തുടക്കമായിരുന്നു. ആദ്യഘട്ടത്തിൽ ഏഞ്ചേഴ്സ് മുന്നിലെത്തി. ഏയ്ഞ്ചലോ ഫുൾഗിനിയാണ് പിഎസ്ജിയെ ഞെട്ടിച്ചത്. സോഫിയാനെ ബുഫലിന്റെ തകർപ്പൻ ക്രോസിൽ ഫുൾഗിനി ലക്ഷ്യംകണ്ടു. കളിഗതിക്കെതിരെയായിരുന്നു ഗോൾ.
രണ്ടാംപകുതിയിൽ പിഎസ്ജി തിരിച്ചടിച്ചു. ഡാനിലോ പെരേരയുടെ ഹെഡർ അവരെ ഒപ്പമെത്തിച്ചു. എംബാപ്പെയാണ് അവസരമൊരുക്കിയത്. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ പെനൽറ്റിയിലൂടെ ഫ്രഞ്ചുകാരൻ ജയവുമൊരുക്കി.