“ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ സസ്പെൻഡ് ചെയ്തു.” മന്ത്രി ആന്റണി രാജു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയെത്തുടർന്നാണ് ബസ് മുങ്ങിയത്. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.
ബസില്‍ കുട്ടികളും പ്രായമായവരും അടക്കം 30 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോയ ബസ്സാണ് പൂഞ്ഞാറിൽ വെച്ച് വലിയ വെള്ളക്കെട്ടിൽ പെട്ടത്
ഈ പ്രദേശത്ത് വെള്ളം കയറിയതിനാൽ 16 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. പൂഞ്ഞാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു വെള്ളംകയറിയതിനാൽ ബസ്സുകൾ മാറ്റി പാർക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്.