തൊടുപുഴ: തൊടുപുഴ കാഞ്ഞാറിൽ ഒഴുക്കിൽപെട്ട കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
കാർ കിടന്നതിന്റെ നൂറു മീറ്റർ മാറി മരങ്ങൾ ഒടിഞ്ഞു കിടക്കുന്നിടത്ത് നിന്നായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. വെള്ളം താഴ്ന്നപ്പോൾ പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹംകണ്ടെത്തിയത്. റെന്റിന് എടുത്തകാറിലായിരുന്നു യാത്ര. ഇദ്ദേഹത്തിനൊപ്പം ജോലിചെയ്യുന്ന യുവതിയാണ് ഒപ്പംഉണ്ടായിരുന്നതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നിഖിലാണ് വാഹനം റെന്റിന് എടുത്തതെന്നാണ് അറിയുന്നത്.
അതിശക്തമായ ഒഴുക്കായിരുന്നു പാലത്തിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. ഇവരുടെ കാർ കലുങ്കിൽ ഇടിച്ചു നിൽക്കുന്ന രീതിയിലായിരുന്നു. ഇതിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ രണ്ടു പേരും പുഴയിലേക്ക് വീണു പോയതാകാം എന്നാണ് വിവരം.
ഇപ്പോൾ കാർ വടംകെട്ടി പുഴയിൽ തന്നെ നിർത്തിയിരിക്കുകയാണ്. പുറത്തേക്കെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കാർ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കാറിനകത്ത് പരിശോധിച്ചപ്പോഴാണ് കാർ വാടകയ്ക്ക് എടുത്തതാണെന്ന് മനസ്സിലായത്. തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ്യുവാവിന്റെ വിവരങ്ങൾ ലഭിച്ചത്.
നല്ല ഒഴുക്കും വെള്ളവും കാരണം പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് ഫയർ ഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.
Content Highlights: Thodupuzha car accident – two bodies found