പെരിന്തല്മണ്ണ> ഈ വര്ഷത്തെ ചെറുകാട് അവാര്ഡിന് ഷിലാടോമിയുടെ വല്ലി എന്ന നോവല് അര്ഹമായി. അശോകന് ചരുവില്, ഖദീജ മുംതാസ്, അഷ്ടമൂര്ത്തി എന്നിവരടങ്ങിയ നിര്ണയ സമിതിയാണ് വല്ലി തെരഞ്ഞെടുത്തത്.
പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവര്ത്തകനുമായിരുന്ന ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏര്പ്പെടുത്തുന്ന അവാര്ഡ് കഴിഞ്ഞ 42 വര്ഷമായി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ശ്രദ്ധേയമായ കൃതിക്കാണ് നല്കിവരുന്നത്.വല്ലി എന്നാല് ഭൂമി എന്നും കൂലി എന്നും വള്ളിപ്പടര്പ്പ് എന്നും അര്ഥമുണ്ട്. ഈ മൂന്ന് സങ്കല്പ്പങ്ങളും സാര്ത്ഥകമാക്കുന്ന നോവലാണ് ഷിലാടോമിയുടെ വല്ലി. നാലു തലമുറകളിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് പറയുന്ന കഥയിലൂടെ വയനാട്ടിലെ കല്ലുവയല് ഒരിതിഹാസമായി മാറുന്ന അത്ഭുതം ഈനോവലില് കാണാം. കാട്, കുടിയേറ്റം,വിമോചന രാഷ്ട്രീയം പരിസ്ഥിതിവാദമുന്നേറ്റം ഇക്കോ ഫെമിനിസം എന്നീ വിഷയങ്ങള് നോവലിന്റെ പ്രമേയമായി വരുന്നു.
ശ്വാസത്തിലും പ്രാണനിലും പ്രകൃതിയ്ക്കുവേണ്ടി വിങ്ങുന്ന ഒരെഴുത്തുകാരിയുടെ ദീര്ഘ നിശ്വാസം എന്നും വല്ലിയെ വിശേഷിപ്പിക്കാവുന്നതാണ്. കാവ്യഭാഷ തുളുമ്പുന്ന ഇതിന്റെ ശൈലി നോവല് വായന അത്യന്തം ആസ്വാദ്യമാക്കുന്നുണ്ട് എന്നും നിര്ണയ സമിതി വിലയിരുത്തി.50000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്ഡ് പെരിന്തല്മണ്ണ അര്ബന് ബാങ്കാണ് സ്പോണ്സര് ചെയ്യുന്നത്.
ഒക്ടോബര് 29 ന് 4 മണിക്ക് പെരിന്തല്മണ്ണ അലങ്കാര് ഓഡിറ്റോറിയത്തില് നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തില് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് അവാര്ഡ് സമ്മാനിക്കും. സുനില് പി ഇളയിടം ചെറുകാട് സ്മാരക പ്രഭാഷണം നടത്തും. കൃതിയെയും നോവലിസ്റ്റിനെയും പരിചയപ്പെടുത്തി കഥാകൃത്ത് അഷ്ടമൂര്ത്തി സംസാരിക്കും. മുന്മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില് സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി.മോഹനന്, ഇ.എന്. മോഹന്ദാസ് എന്നിവര് പങ്കെടുക്കും.
പത്രസമ്മേളനത്തില് ട്രസ്റ്റ് ഭാരവാഹികളായ സി.വാസുദേവന്, കെ.മൊയ്തുട്ടി, വേണു പാലൂര് എന്നിവര് പങ്കെടുത്തു.