ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡ് എത്തും. ദ്രാവിഡിനെ ബോധ്യപ്പെടുത്താന്‍ ബിസിസിഐക്ക് കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യപരിശീലക സ്ഥാനത്തേക്ക് ഉചിതമായ ഒരാളെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യം ബിസിസിഐ ദ്രാവിഡിനെ അറിയിച്ചു. 2023 വരെ ദ്രാവിഡ് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം.
ആദ്യ ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡിനെ താത്കാലിക പരിശീലകനായി നിയമിക്കാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. ഒരുപാട് യാത്രകള്‍ ചെയ്യുന്നതില്‍ ദ്രാവിഡ് ബുദ്ധിമുട്ടറിയിച്ചിരുന്നു. എന്നാല്‍ പരിശീലകന്റെ സ്ഥാനത്തെത്തുമ്പോള്‍ യാത്രകള്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. ഇതിന് ബിസിസിഐ പരിഹാരം കാണാനുള്ള സാധ്യതയുമുണ്ട്.
“ദ്രാവിഡാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിശീലകനാകാന്‍ ഏറ്റവും അനുയോജ്യന്‍. താരങ്ങളെ എല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാം. സീനിയര്‍ ടീമിലേക്ക് യുവതാരങ്ങളെ പാകപ്പെടുത്തി എത്തിക്കുന്നതില്‍ ദ്രാവിഡ് സുപ്രധാന പങ്ക് വഹിച്ചിരുന്നു. 2023 വരെ പരിശീലക സ്ഥാനത്തേക്ക് തുടരാന്‍ അദ്ദേഹത്തോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ പ്രതികരണമാണ് ദ്രാവിഡ് നല്‍കിയിരിക്കുന്നത്,” ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
പരിശീലകസ്ഥാനത്തേക്ക് എത്തിയാല്‍ സപ്പോര്‍ട്ട് സ്റ്റാഫ് ആരൊക്കെയാകണം എന്ന തീരുമാനം എടുക്കാന്‍ ദ്രാവിഡിന് ബിസിസിഐ സ്വാതന്ത്ര്യം കൊടുത്തേക്കും. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി 2015 മുതല്‍ ദ്രാവിഡ് സജീവമാണ്. ബംഗലൂരുവിലെ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ദ്രാവിഡിനെ പിന്നീട് നിയമിക്കുകയും ചെയ്തു. ട്വന്റി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രിയും സപ്പോര്‍ട്ട് സ്റ്റാഫും സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ദ്രാവിഡിന്റെ നിയമനം.
Also Read: IPL 2021 Awards: ഓറഞ്ച് ക്യാപ്പ്, പർപ്പിൾ ക്യാപ്പ്, ഫെയർ പ്ലേ; ഐപിഎൽ പുരസ്‌കാരങ്ങൾ നേടിയവർ ഇവർ
The post ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ദ്രാവിഡ് യുഗം; ഇത്തവണ മുഖ്യപരിശീലകനായി appeared first on Indian Express Malayalam.