മുംബൈ > ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാന് രാഹുല് ദ്രാവിഡ് സമ്മതമറിയിച്ചതായി റിപ്പോര്ട്ട്. ഐപിഎല് ഫൈനലിനുശേഷം ബിസിസിഐയുടെ ഉന്നത ഉദ്യോഗസ്ഥനാണ് ദേശീയ മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വന്റി 20 ലോകകപ്പിനുശേഷം നിലവിലെ പരിശീലകന് രവിശാസ്ത്രിയുടെ കാലാവധി അവസാനിക്കും. അതിനുതൊട്ടുപിന്നാലെ ദ്രാവിഡ് പരിശീലകനായി എത്തുമെന്നാണ് റിപ്പോര്ട്ട്.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനായി തുടരാനാണ് തനിക്ക് താല്പര്യമെന്ന് ദ്രാവിഡ് നേരത്തേ അറിയിച്ചിരുന്നു. എന്നാല് ദുബായില് ഐപിഎല് ഫൈനല് മത്സരത്തിനിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നടത്തിയ കൂടിക്കാഴ്ചയില് ദ്രാവിഡ് സമ്മതം അറിയിച്ചുവെന്നാണ് റിപ്പോര്ട്ട്. ഇന്ത്യന് യുവനിരയെ വാര്ത്തെടുക്കുന്നതില് ദ്രാവിഡിന്റെ പങ്ക് ശ്രദ്ധേയമാണ്. അണ്ടര് 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റെയും പരിശീലകനായി മികച്ച പ്രകടനമാണ് ദ്രാവിഡ് നടത്തിയത്.