വടകര: വടകര-മാഹി കനാലിൽ നീന്തുന്നതിനിടെ മുങ്ങിപ്പോയ മൂന്നുകുട്ടികളെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. അരയാക്കൂൽത്താഴയിലെ തട്ടാറത്ത് താഴകുനി സഹീറാണ് (43) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് കോട്ടപ്പള്ളിക്കും ചേരിപ്പൊയിലിനും ഇടയിലുള്ള കായക്കൂൽ ഭാഗത്താണ് അപകടം. കനാലിൽ നീന്തൽ പഠിക്കുകയായിരുന്ന മൂന്നുകുട്ടികൾ മുങ്ങിപ്പോയപ്പോൾ അവരെ രക്ഷിച്ച് കരയ്ക്കെത്തിച്ചശേഷമാണ് സഹീറിനെ കാണാതായതെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികൾക്ക് പ്രശ്നമൊന്നുമില്ല. രണ്ടുമണിക്കൂർ നീണ്ട തിരച്ചിലിനുശേഷം രാത്രി ഏഴുമണിയോടെയാണ് സഹീറിന്റെ മൃതദേഹം കിട്ടിയത്.
കനാലുമായി നല്ലപരിചയമുള്ള സഹീർ നന്നായി നീന്തുന്നയാളാണ്. കുട്ടികളെ കരയ്ക്കുകയറ്റിയതിനുശേഷം കുഴഞ്ഞുപോയതാണ് അപകടകാരണമെന്നാണ് സംശയം. വടകരയിൽനിന്നും നാദാപുരത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി. ഇവർക്കൊപ്പം നാട്ടുകാരും തിരച്ചിലിന് ഇറങ്ങി.
മുമ്പും ഇവിടെ ഒരാൾ മുങ്ങിമരിച്ചിട്ടുണ്ട്. അന്ന് രക്ഷാപ്രവർത്തനത്തിനും മൃതദേഹം കണ്ടെത്തുന്നതിനും മുന്നിൽനിന്നയാളാണ് സഹീർ. പിതാവ്: ആശാരിപ്പറമ്പത്ത് അബ്ദുല്ല. മാതാവ്: അയിശ. ഭാര്യ: സുലൈഖ മക്കൾ: അമീർ സുഹൈൽ, മുഹമ്മദ് യാസീൻ, ലുലു മർവ്വ. മരുമകൻ: സഫീർ ചാലിൽ.
തേനീച്ചക്കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു
ചാത്തമംഗലം: തേനീച്ചയുടെ ആക്രമണത്തിനിരയായ ആളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റ് ചികിത്സയിലായിരുന്ന ജോയന്റ് എക്സൈസ് കമ്മിഷണർ ഓഫീസിലെ ഡ്രൈവർ നെച്ചൂളി പറക്കണ്ടിയിൽ സുധീഷ് (48) ഒടുവിൽ മരണത്തിന് കീഴടങ്ങി.
പാടിപ്പറ്റപറമ്പിലെ പ്ലാവിനുമുകളിലെ തേനീച്ചക്കൂട്ടിൽ പരുന്തുവന്ന് കൊത്തിയതിനെത്തുടർന്ന് വലിയ തേനീച്ചക്കൂട്ടം ഇളകിപ്പറക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത പറമ്പിൽ കമുകിന് വളമിടുകയായിരുന്ന രാമചന്ദ്രനെയാണ് തേനീച്ചക്കൂട്ടം ആദ്യം കുത്തിയത്.
മുണ്ടഴിച്ച് ശരീരംമൂടി വീട്ടിലേക്കോടിയ ഇദ്ദേഹം സഹായത്തിനായി സുധീഷിനെ വിളിക്കുകയായിരുന്നു. വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന സുധീഷ് ചൂട്ടുകത്തിച്ച് തേനീച്ചയെ അകറ്റാനായി ഓടിയെത്തി. പക്ഷേ, തേനീച്ചക്കൂട്ടം സുധീഷിനെ വളഞ്ഞിട്ടുകുത്തി.
ദേഹമാസകലം കുത്തേറ്റ സുധീഷ് വീട്ടിലേക്കോടി കൃഷിക്കായി തയ്യാറാക്കിയ ടാങ്കിലെ വെള്ളത്തിൽ ഇറങ്ങിക്കിടന്നു. തേനീച്ചകൾ വിടാതെ പിന്തുടർന്നതോടെ വീട്ടിനകത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുറ്റത്ത് കുഴഞ്ഞുവീണു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ സുധീഷിനെയും രാമചന്ദ്രനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവരെ കൊണ്ടുപോകുന്ന വാഹനത്തെപ്പോലും തേനീച്ചക്കൂട്ടം പിന്തുടർന്നിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന സുധീഷ് വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് മരിച്ചത്.
നെച്ചൂളി പരേതരായ എടാരത്ത് ശേഖരൻ നായരുടെയും കാവിൽ പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: രജിത. മകൾ: ആര്യ. സഹോദരങ്ങൾ: പ്രഭാവതി, സുജാത (റിട്ട. അധ്യാപിക, ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ).