യുഎഇയിലെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഇന്ത്യൻ പ്രീമിയർ ലീഗ് 2021 ഫൈനൽ മത്സരത്തിൽ ഒരു പുതിയ നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. 300 ടി20 മത്സരങ്ങളിൽ കാപ്റ്റനായി ഇറങ്ങി എന്ന നേട്ടമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ധോണി സ്വന്തമാക്കിയത്.
മറ്റൊരു താരവും ഇതുവരെ 300 ടി20 മത്സരങ്ങളിൽ കാപ്റ്റനായി ഇറങ്ങിയില്ല. ഏറ്റവും കൂടുതൽ ടി20 മത്സരങ്ങളിൽ കാപ്റ്റനായി ഇറങ്ങിയവരുടെ പട്ടികയിൽ ഡാരൻ സാമിയാണ് രണ്ടാമത്. എന്നാൽ 208 മത്സരങ്ങളിൽ കാപ്റ്റനായ സാമി ഇക്കാര്യത്തിൽ ധോണിയെ അപേക്ഷിച്ച് ബഹു ദൂരം പിന്നിലാണ്. മറ്റ് താരങ്ങളാരും ഇരുന്നൂറിൽ കൂടുതൽ ടി20 മത്സരങ്ങളിൽ ക്യാപ്റ്റനായി ഇറങ്ങിയിട്ടില്ല.
ഐപിഎൽ ഫൈനലിൽ ടോസ് നേടിയ കൊൽക്കത്ത ബാറ്റിങ് തിരഞ്ഞെടുത്ത് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
“ഇത് വലിയ കാലയളവാണ്. 2005-06 കാലഘട്ടത്തിൽ ഞങ്ങൾ ടി 20 ആരംഭിച്ചു, മിക്ക ഗെയിമുകളും ഫ്രാഞ്ചൈസി ക്രിക്കറ്റ് മത്സരങ്ങളാണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിലും ധാരാളം ടി 20 ഗെയിമുകൾ ഉണ്ടായിരുന്നു, ”ടോസ് നേടിയ ധോണി പറഞ്ഞു.
Also Read: ടീം ഇന്ത്യയുടെ ഉപദേശക സ്ഥാനം; ധോണിയുടെ സേവനം പ്രതിഫലം വാങ്ങാതെയെന്ന് ബിസിസിഐ
40-കാരനായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ, പത്താം ഐപിഎൽ ഫൈനലാണ് കളിക്കുന്നത്. സിഎസ്‌കെയുടെ ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ ഒമ്പതാം ഫൈനലിലും. 14 ഐപിഎൽ സീസണുകളിൽ പങ്കെടുത്ത ധോണി 12 എഡിഷനുകളിലായി 214 മത്സരങ്ങളിൽ സിഎസ്കെയെ നയിച്ചിട്ടുണ്ട്.
ആറ് ടി 20 ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ചതിനുപുറമെ ഒരു ഐപിഎൽ സീസണിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്‌സിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്.
2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി 20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന നേട്ടമായിരുന്നു. ആ ടൂർണമെന്റിന് മുമ്പ് 2006 ൽ ദക്ഷിണാഫ്രിക്കയിൽ ധോണി പങ്കെടുത്ത ഒരു ടി 20 മാത്രമായിരുന്നു ഇന്ത്യ കളിച്ചത്.
The post ക്യാപ്റ്റനായി 300 ടി20 മത്സരങ്ങൾ, മറ്റാർക്കുമില്ലാത്ത നേട്ടവുമായി ധോണി appeared first on Indian Express Malayalam.