ദുബായ്
അവസാന പന്തുവരെ കളംനിറഞ്ഞ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഫാഫ് ഡു പ്ലെസിസ് ചെന്നൈ സൂപ്പർ കിങ്സിനെ ഐപിഎൽ ക്രിക്കറ്റ് കിരീടത്തോടടുപ്പിച്ചു. ആദ്യം ബാറ്റുചെയ്ത ചെന്നൈ നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺ. ഡു പ്ലെസിസ് 59 പന്തിൽ 86 റണ്ണടിച്ചു. ഏഴ് ഫോറും മൂന്ന് സിക്സറും അകമ്പടിയായി. ചെന്നെെ ഇന്നിങ്സിൽ ആകെ പത്ത് സിക്സറുകൾ പിറന്നു.
ചെന്നൈയുടേത് മികച്ച തുടക്കമായിരുന്നു. ടോസ് നേടി പന്തെറിയാൻ തീരുമാനിച്ച കൊൽക്കത്തയ്ക്ക് ചെന്നൈ ഓപ്പണർമാരെ തളയ്ക്കാനായില്ല. ഈ ഐപിഎലിൽ റൺവേട്ടയിൽ ഒന്നാമതെത്തിയ (635) ഓപ്പണർ ഋതുരാജ് ഗെയ്ക്ക്വാദും ഡു പ്ലെസിസും ഒന്നാം വിക്കറ്റിൽ 61 റൺ നേടി. സുനിൽ നരെയ്നിന്റെ പന്തിൽ ശിവം മാവി പിടിച്ച് പുറത്താകുമ്പോൾ ഋതുരാജ് 27 പന്തിൽ 32 റണ്ണെടുത്തു. അതിനിടെ, മൂന്ന് ഫോറും ഒരു സിക്സറും കണ്ടെത്തി.
കൂസലില്ലാതെ പന്തടിച്ച ഡു പ്ലെസിസിന് നല്ല കൂട്ടായി റോബിൻ ഉത്തപ്പ. ഇരുവരും ചേർന്ന് അതിവേഗം സ്കോർ ഉയർത്തി. മുപ്പത്തിയേഴാം വയസ്സിലും ബാറ്റുകൊണ്ട് മിന്നിച്ച ഡു പ്ലെസിസിനെ തടയാൻ കൊൽക്കത്ത പാടുപെട്ടു. 15 പന്തിൽ മൂന്ന് സിക്സറിന്റെ അകമ്പടിയോടെ 31 റണ്ണടിച്ച് ഉത്തപ്പ മടങ്ങുമ്പോൾ കളി ചെന്നൈയുടെ നിയന്ത്രണത്തിലായിരുന്നു. 63 റണ്ണാണ് ഈ കൂട്ടുകെട്ടിന്റെ സംഭാവന. പിന്നാലെയെത്തിയ മൊയീൻ അലിയും മോശമാക്കിയില്ല. 20 പന്തിൽ 37 റണ്ണുമായി പുറത്താകാതെനിന്നു. അതിനിടെ, രണ്ട് ഫോറും മൂന്ന് സിക്സറും പായിച്ചു.
മാവിയുടെ അവസാന പന്തിൽ അതിർത്തിക്കരികെ വെങ്കിടേഷ് അയ്യരാണ് ഡു പ്ലെസിസിനെ മടക്കിയത്. നരെയ്ൻ രണ്ട് വിക്കറ്റെടുത്തു.
ഒമ്പതാംതവണ ഫൈനലിലെത്തിയ ചെന്നൈ 2018, 2011, 2010 വർഷങ്ങളിൽ ജേതാക്കളായി. കൊൽക്കത്തയുടേത് മൂന്നാം ഫൈനലാണ്. 2014ലും 2012ലും കപ്പ് നേടി.
‘റൺരാജ്’ ഗെയ്ക്വാദ്
ഐപിഎല്ലിൽ റണ്ണടിയിൽ ഒന്നാമതെത്തി ചെന്നൈ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ്. 16 കളിയിൽ 635 റണ്ണാണ് സമ്പാദ്യം. ഫൈനലിൽ 32 റൺ നേടി ഇരുപത്തിനാലുകാരൻ.
പുണെയിൽനിന്നുള്ള ചെറുപ്പക്കാരൻ ഒരു സെഞ്ചുറിയും (101*) നാല് അരസെഞ്ചുറിയും കണ്ടെത്തി. ചെന്നൈയുടെ മുന്നേറ്റത്തിൽ ഋതുരാജിന്റെ തകർപ്പൻ തുടക്കം നിർണായകമായി. ഇക്കുറി 64 ഫോറും 23 സിക്സറും കീശയിലാക്കി.
വലംകൈയൻ ബാറ്റർ ഈവർഷം ഇന്ത്യക്കായി അരങ്ങേറി. ശ്രീലങ്കയ്ക്കെതിരെ രണ്ട് ട്വന്റി–-20 മത്സരങ്ങൾ കളിച്ചു. ഡു പ്ലെസിസ് (ചെന്നൈ 633),ലോകേഷ് രാഹുൽ (പഞ്ചാബ് 626), ശിഖർ ധവാൻ (ഡൽഹി 587) എന്നിവരാണ് റണ്ണടിയിൽ ഋതുരാജിന് പിന്നിലുള്ളത്. ഹർഷൽ പട്ടേൽ (ബാംഗ്ലൂർ) 32 വിക്കറ്റെടുത്ത് മുന്നിലെത്തി. ആവേഷ്ഖാന് (ഡൽഹി) 24 വിക്കറ്റുണ്ട്. മുംബെെ ഇന്ത്യൻസിന്റെ ജസ്പ്രീത് ബുമ്ര 21 വിക്കറ്റുമായി മൂന്നാമത്.