ദുബായ്: ഐപിഎല്ലിൽ കലാശപ്പോരാട്ടത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു . മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരിടുന്നത്. മത്സരം ജയിക്കുന്നവർ ഐപിഎൽ പതിനാലാം സീസണിന്റെ കിരീടമുയർത്തും. ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
ഐപിഎല്ലിൽ ചെന്നൈയുടെ ഒമ്പതാം ഫൈനൽ മത്സരമാണിത്. ഓപ്പണർമാരായ ഡു പ്ലെസിസും ഋതുരാജ് ഗെയ്ക്വാദും സീസണിൽ മിന്നും പ്രകടനങ്ങൾ പുറത്തെടുത്തവരാണ്. ഇവരുടെ ഫോം തന്നെയാണ് ഇന്നത്തെ മത്സരത്തിലും നിർണായകമാകുക.
കഴിഞ്ഞ മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച റോബിൻ ഉത്തപ്പയും, നിർണായക ഘട്ടങ്ങളിൽ സമ്മർദ്ദത്തെ അതിജീവിച്ചു ബാറ്റ് ചെയ്യാൻ സാധിക്കുന്ന അമ്പാട്ടി റായിഡുവും ചേരുന്നതോടെ ടീം ശക്തമാണ്. ക്യാപ്റ്റൻ ധോണിയുടെ ഫിനിഷിങ്ങും അനുഭവ സമ്പത്തും ജഡേജയുടെ ഫോമും ടീമിന് ഇന്ന് വിജയം സമ്മാനിക്കാൻ പോന്നതാണ്.
യുവത്വം നിറഞ്ഞ കൊൽക്കത്തയുടെ ബാറ്റിങ്ങിലെ പ്രധാന ശക്തി കേന്ദ്രം ഓപ്പണിങ് സഖ്യം തന്നെയാണ്. ശുഭ്മാൻ ഗില്ലും വെങ്കട്ട് അയ്യരും ചേരുന്ന ഓപ്പണിങ് ജോഡി ചെന്നൈ ബോളിങ്ങിന് വെല്ലുവിളി ഉയർത്തുന്നതാണ്. മധ്യ നിരയിൽ ഓയിൻ മോർഗന്റെയും ദിനേശ് കാർത്തിക്കിന്റെയും സാന്നിധ്യവും സുനിൽ നരേൻ, ആന്ദ്രേ റസ്സൽ എന്നീ വെസ്റ്റ് ഇൻഡീസ് ശക്തികളും ടീമിന്റെ ബാറ്റിങ് നിരയെ കൂടുതൽ കരുത്തരാക്കുന്നതാണ്.
കൊൽക്കത്തയുടെ പ്രധാന ശക്തികേന്ദ്രം സ്പിൻ ബോളിങ് തന്നെയാണ്. വരുൺ ചക്രവർത്തി, സുനിൽ നരേൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ ഉൾപ്പെടുന്ന സ്പിൻ ത്രയം സീസണിൽ ഉടനീളം കൊൽക്കത്തയുടെ വിജയങ്ങളെ സ്വാധീനിച്ചതാണ്. ചെന്നൈ ബാറ്റസ്മാന്മാരും കൊൽക്കത്ത സ്പിന്നർമാരും തമ്മിലുള്ള പോരാട്ടത്തിൽ ജയിക്കുന്നവർ തന്നെയാകും ഇന്ന് കിരീടം ഉയർത്തുക.
ഫൈനൽ മത്സരം നടക്കുന്ന ദുബായ് സ്റ്റേഡിയത്തിൽ രണ്ട് ടീമുകളുടെയും വിജയശതമാനം ഒപ്പത്തിനൊപ്പമാണ്. ഇതിനു മുൻപ് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ രണ്ടു തവണ ഫൈനലിൽ എത്തിയ കൊൽക്കത്ത രണ്ടു തവണയും കപ്പുയർത്തിയിട്ടുണ്ട്. മൂന്നാം കിരീടമാണ് ഇന്ന് അവരുടെ ലക്ഷ്യം. അവസാനം 2018ൽ ചാമ്പ്യൻമാരായ ചെന്നൈ നാലാം കിരീടം ഉയർത്താനാണ് ഇന്നിറങ്ങുന്നത്.
The post IPL 2021 Final, CSK vs KKR Score & Updates: ടോസ് നേടി കൊൽക്കത്ത; ചെന്നൈക്ക് ആദ്യ ബാറ്റിങ് appeared first on Indian Express Malayalam.