തേഞ്ഞിപ്പലം> ഇന്ത്യയുടെ സമസ്ത വൈജാത്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമമാണ് പുതിയ വിദ്യാഭ്യാസ നയരേഖയിലൂടെ കേന്ദ്ര സര്ക്കാര് നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു. കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന് 51–ാം വാര്ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അമിതാധികാര കേന്ദ്രീകരണത്തിനായുള്ള നിര്ദേശങ്ങളടങ്ങിയതാണ് നയരേഖ. ഭരണഘടനാ മൂല്യങ്ങളെ കുറിച്ച് സമ്പൂര്ണ നിശ്ശബ്ദതയാണ് ഇതിലുള്ളത്.
കേന്ദ്ര സര്ക്കാരിന്റെ ഈ നയം ഉന്നത വിദ്യാഭ്യാസ രംഗം താറുമാറാക്കുകയും കോര്പറേറ്റ് വല്ക്കരിക്കുകയും ചെയ്യുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള് സ്ഥാപിക്കുന്നതിനും എല്ലാവര്ക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്താനും എല്ഡിഎഫ് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
യൂണിയന് പ്രസിഡന്റ് വി എസ് നിഖില് അധ്യക്ഷനായി. സിന്ഡിക്കറ്റംഗം കെ കെ ഹനീഫ, കോണ്ഫെഡറേഷന് ജനറല് സെക്രട്ടറി ഹരിലാല്, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ആര് കെ ബിനു, അസോസിയേഷന് ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് പ്രസിഡന്റ് ഡോ. എ യൂസഫ്, എസ്എഫ്ഐ സര്വകലാശാല ക്യാമ്പസ് യൂണിറ്റ് സെക്രട്ടറി എം പി മുഹമ്മദ് ആഷിഖ് എന്നിവര് സംസാരിച്ചു. കോണ്ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് എന് നീക്കാമ്പുറത്ത് സ്വാഗതവും യൂണിയന് ജനറല് സെക്രട്ടറി ടി ശബീഷ് നന്ദിയും പറഞ്ഞു.