കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെക്കുറിച്ച് ഐജി ലക്ഷ്മണും അനിത പുല്ലയിലുംനടത്തിയ ചാറ്റ് പുറത്ത്. കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണെന്നാണ് ചാറ്റ് വ്യക്തമാക്കുന്നത്. മോൻസണെക്കുറിച്ച് മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രണ്ട് വർഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത ലഷ്മണിനോട് പറയുന്നു. ഇതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബർ 25ന് രാത്രി 9.30 ശേഷം നടന്നിട്ടുള്ള വാട്സ്ആപ്പ് ചാറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരം മോൻസ് അറസ്റ്റിലായി എന്ന് അനിത പുല്ലയിൽ ലക്ഷ്മണിനോട് പറയുന്നു. ഇതിന് ലക്ഷ്മൺനൽകിയ മറുപടി ഡിലീറ്റ് ചെയ്ത നിലയിലാണ്. മോൻസണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വർഷം മുമ്പ് ബെഹ്റ ചോദിച്ചിരുന്നുവെന്നും അവർ പറയുന്നു. വിവരങ്ങൾ പങ്കുവെച്ചതിലുള്ള നന്ദി ലക്ഷമണിനെഅറിയിക്കുന്നു.
നേരത്തെ, വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
പല ഉന്നതരേയും മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ലോക്നാഥ് ബെഹ്റയെ മോൻസൺ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചത് അനിതയായിരുന്നു. തട്ടിപ്പ് കേസിൽ പരാതിക്കാരെ അനിത സഹായിച്ചിരുന്നു. നാട്ടിലെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി. മോൻസൺ നടത്തിയ തട്ടിപ്പുകളും ഇയാളുടെ ഉന്നത ബന്ധങ്ങളും സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അനിതയ്ക്ക് അറിയാം എന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
Content Highlights:Crime branch gets whatsapp chat between Anitha Pullayil and IG G Lakshman