തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി പെയ്ത ശക്തമായ മഴകാരണം വൈദ്യുതി പ്രതിസന്ധിയ്ക്ക് അയവുവരുന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഈ മാസം 19ന് ശേഷവും ലോഡ് ഷെഡിങ്വേണ്ടിവരില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് ഊർജ പ്രതിസന്ധി എന്ന റിപ്പോർട്ടുകളായിരുന്നു പറത്തു വന്നിരുന്നത്. കൽക്കരി ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. കേരളത്തിലും ഇത്തരത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. കൽക്കരി ക്ഷാമം നീണ്ടു പോവുകയും വാങ്ങുന്ന വൈദ്യുതിയിൽ പ്രതിദിനം 400 മെഗാവാട്ട് കുറവ് ഉണ്ടാകുകയും ചെയ്താൽ ഈ മാസം 19ന് ശേഷം ലോഡ് ഷെഡിങ് ഏർപ്പെടുത്താനായിരുന്നുനീക്കം. എന്നാൽ തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചതോടെ സാഹചര്യം മാറുകയായിരുന്നു.
കാലാവസ്ഥ മാറി ചൂട് കുറഞ്ഞതോടെ ജനങ്ങളുടെ വൈദ്യുത ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായ ദിവസങ്ങളിലേത് പോലെ കരാർപ്രകാരം ലഭിക്കേണ്ട 300 മെഗവാട്ട് വൈദ്യുതി ഇപ്പോഴും കുറവാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഉപഭോഗം കുറഞ്ഞതിനാൽ പ്രതിദിനം ഈ 300 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം വേണ്ടി വരുന്നില്ല. അതിനാൽ മിച്ചമുണ്ടായിരുന്ന 50 മെഗാവാട്ട് വൈദ്യുതി വൈദ്യുതി ബോർഡിന് പവർ എക്സ്ചേഞ്ചിൽ വിൽക്കാനും സാധിച്ചു. നിലവിലെ സ്ഥിതി ഈ മാസം 19ന് ശേഷവും തുടർന്നാൽ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്നാണ്കെഎസ്ഇബി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നിലവിൽ ബോർഡിന് ലഭിച്ചിരിക്കുന്ന കാലാവസ്ഥാ പ്രവചനപ്രകാരം 19ന് ശേഷം മഴ തുടരുമെന്ന മുന്നറിയിപ്പ് ഇല്ല. എന്നാൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന വിലയിരുത്തൽ കാര്യങ്ങൾ അനുകൂലമാക്കാമെന്ന് ബോർഡ് കണക്ക് കൂട്ടുകയാണ്. ഈ മാസം 18ന് ചേരുന്ന ഉന്നതതല യോഗം വൈദ്യുതി സാഹചര്യം അവലോകനം ചെയ്ത് വൈദ്യുതി നിയന്ത്രണത്തിന്റെ കാര്യങ്ങൾ വിലയിരുത്തും.
അതേസമയം രാജ്യത്ത് കൽക്കരി ക്ഷാമവുമായി ബന്ധപ്പെട്ട ഏറ്റവും മോശം സാഹചര്യം രാജ്യം തരണംചെയ്തുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. കൽക്കരി ലഭ്യമല്ലാത്തതിനാൽ വൈദ്യുതി ഉത്പാദനം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്.
ദിവസങ്ങൾക്കകം കൽക്കരി വിതരണം പ്രതിദിനം 20 ലക്ഷം ടൺ ആയി വർധിപ്പിക്കും. വൈദ്യുതി നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി എത്തിക്കാൻ റെയിൽവെയോട് കൂടുതൽ വാഗണുകൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്.
കൽക്കരി-ഊർജ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ സ്ഥിതിഗതികളെപ്പറ്റി വിവരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകിയ കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാർ കൽക്കരി ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും വിവരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തെ ആശങ്ക അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്.
കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളും കാരണം കൽക്കരിക്കുറവ് നിലവിലുണ്ടായിരുന്നുവെന്നായിരുന്നു കൽക്കരി വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞത്. കൽക്കരിയുടെ അന്താരാഷ്ട്രവില ടണ്ണിന് 60 രൂപയിൽ നിന്ന് 190 രൂപയായി വർധിച്ചത് തിരിച്ചടിയായി.കൽക്കരി പ്ലാന്റുകൾ 15-20 ദിവസം അടഞ്ഞുകിടന്നത് ഉത്പാദനം കുറച്ചു.എന്നാൽ, ഇപ്പോൾ ക്ഷാമമില്ലെന്നും സ്റ്റോക്ക് വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ള വിനിയോഗിക്കാത്ത വൈദ്യുതി അതത് സംസ്ഥാനങ്ങൾ സ്വന്തം ഉപയോക്താക്കൾക്ക് നൽകണമെന്നും കൂടിയവിലയ്ക്ക് മറിച്ചുവിൽക്കരുതെന്നും കേന്ദ്ര ഊർജമന്ത്രാലയം കർശനനിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന വിലയ്ക്ക് വിറ്റാൽ ഈ വൈദ്യുതിവിഹിതം പിൻവലിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Content Highlights: Power consumption decrease due to rain in kerala