കൊല്ലം: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖിന്റെ മൃതദേഹം സംസ്കരിച്ചു. കൊട്ടാരക്കരയിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ബുധനാഴ്ച രാത്രിയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് പാങ്ങോട് സൈനിക ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ജന്മനാടായ കുടവട്ടൂർ എൽപി സ്കൂളിൽ എത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങാൻ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു.
നൂറുകണക്കിന് ആളുകളാണ് സ്കൂളിലെത്തി വൈശാഖിന് അന്തിമോപചാരം അർപ്പിച്ചത്. അവസാനമായി ഒരുനോക്ക് കാണാനെത്തിയവരെല്ലാം ജയ്ഹിന്ദ് വിളികളോടെയാണ് ധീരസൈനികന് വിടചൊല്ലിയത്.പിന്നീട് വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വഴിയിലെല്ലാം അമ്മമാരും സഹോദരിമാരും അടക്കം വൈശാഖിന്റെ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തി. വീട്ടിലെത്തിച്ച മൃതദേഹം മതാചാര പ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്റേയും സൈനിക റെജിമെന്റിന്റേയും ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂർ ആശാൻമുക്ക് ശിൽപാലയത്തിൽ വൈശാഖ്(24) ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ചികിത്സാകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹരികുമാർ-ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് നാലുവർഷം മുമ്പാണ് കരസേനയിൽ ചേർന്നത്. മറാഠ റെജിമെന്റിൽ ആയിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ഏഴുമാസം മുമ്പാണ് പഞ്ചാബിൽനിന്ന് കശ്മീരിൽ എത്തിയത്. രണ്ടുമാസംമുമ്പ് അവധിക്ക് വീട്ടിൽ വന്നിരുന്നു. ശിൽപ സഹോദരിയാണ്.