ന്യൂഡല്‍ഹി: ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഹോം സീരിസില്‍ താത്കാലിക പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചേക്കുമെന്ന് സൂചന. ട്വന്റി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രിയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫും സ്ഥാനമൊഴിയുന്നതിനാല്‍ പെട്ടെന്നൊരു പരിശീലകനെ നിയമിക്കുക എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് ബിസിസിഐയുടെ പുതിയ നീക്കം.
ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഒരു ഇന്ത്യക്കാരനെ തന്നെ നിയമിക്കുക എന്ന ലക്ഷ്യമാണ് ബിസിസിഐക്കുള്ളത്. ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ പരിശീലകനാകണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ദ്രാവിഡ് നിരസിക്കുകയായിരുന്നു.
ഏറ്റവും അനുയോജ്യനായ ഒരാളെ തേടുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ന്യൂസിലന്‍ഡിനെതിരായ പരമ്പര വരെ ശാസ്ത്രിയോട് തുടരാന്‍ ആവശ്യപ്പെടാനായിരുന്നു ബിസിസിഐയുടെ തീരുമാനം. പക്ഷെ ഇത് പിന്നീട് മാറ്റുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ദ്രാവിഡായിരുന്നു ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നത്.
ശാസ്ത്രിക്ക് പുറമെ ബോളിങ് പരിശീലകന് ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന് ആര്. ശ്രീധര്‍ എന്നിവരുടേയും കാലവധി ട്വന്റി ലോകകപ്പോടെ കഴിയും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രണ്ട് ടെസ്റ്റും മൂന്ന് ട്വന്റി 20 യുമാണുള്ളത്. ലോകകപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ടു പിന്നാലെ തന്നെ പരമ്പര ആരംഭിക്കും.
Also Read: ഇതിഹാസം; ഗോള്‍ വേട്ടയില്‍ പെലെയെ മറികടന്ന് ഛേത്രി
The post ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി ദ്രാവിഡ് എത്തിയേക്കും appeared first on Indian Express Malayalam.